ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി; എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മംബൈ

kb
 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. കരുത്തരായ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ നാണംകെടുത്തിയത്. മുംബൈയ്ക്ക് വേണ്ടി ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു.
 

മത്സരം തുടങ്ങി 22 മിനുറ്റിനിടെ വന്ന നാല് ഗോളുകൾ ബ്ലാസ്റ്റേഴ്‌സിന്റെ വിധി എഴുതി. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾക്ക് പിറകിൽ. 90 മിനുറ്റും ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും ഒന്നുപോലും മടക്കാനായില്ല. 

63-ാം മിനിറ്റില്‍ മുംബൈയുടെ ഡയസ്സിന്റെ ഷോട്ട് ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വലിയ വെല്ലുവിളി തരണം ചെയ്തു. പകരക്കാരനായി വന്ന അപ്പോസ്തലസ് ജിയാനുവിന് 76-ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയാതെ വന്നു. ഇതോടെ ടീം ടൂര്‍ണമെന്റിലെ നാലാം തോല്‍വി ഏറ്റുവാങ്ങി.
 

ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. ഹൈദരാബാദ് സിറ്റി എഫ്.സിയാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.