മറഡോണയുടെ 'ദൈവത്തിന്റെ കൈ' പന്ത് ലേലത്തില്‍ വിറ്റു; തുക കേട്ട് ഞെട്ടരുത്

maradona
 

ലണ്ടന്‍: 1986 ലോകകപ്പില്‍ മെക്സിക്കോ സറ്റിയിലെ അസ്റ്റെക മൈതാനത്ത് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച്‌ അര്‍ജന്റീനയുടെ വീരനായകന്‍ ഡീഗോ മറഡോണ വിവാദ ഗോള്‍ നേടിയ പന്ത് ലേലത്തില്‍ വിറ്റു.മാച്ച്‌ റഫറി അലി ബിന്‍ നാസര്‍ കൈവശംവെച്ച പന്താണ് യു.കെ ആസ്ഥാനമായുള്ള ലേലക്കമ്ബനി ഗ്രഹാം ബഡ് ഓക്ഷന്‍സ് ലേലം ചെയ്തത്. 30 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കാമെന്നായിരുന്നു കരുതിയതെങ്കിലും 24 ലക്ഷം ഡോളര്‍ (195 കോടി രൂപ) വില നല്‍കിയാണ് ഒരാള്‍ ഇത് സ്വന്തമാക്കിയത്. അഡിഡാസ് നിര്‍മിച്ച അസ്റ്റെക്ക പന്ത് മത്സരശേഷം റഫറി കൈവശം വെച്ചുവരികയായിരുന്നു.

കളിയില്‍ മറഡോണ ധരിച്ച ജഴ്സി ആറു മാസം മുമ്ബ് സമാനമായി വില്‍പന നടത്തിയിരുന്നു. അന്നു പക്ഷേ, ലേലക്കമ്ബനി വിലയിട്ടതിനെക്കാള്‍ രണ്ടിരട്ടി നല്‍കിയാണ് ഒരാള്‍ സ്വന്തമാക്കിയത്- 93 ലക്ഷം ഡോളര്‍.

 മെക്സിക്കോയിലെ അസ്റ്റെക് സംസ്കാരത്തെ സ്വാംശീകരിച്ചുള്ള പന്താണ് 1986 ലോകകപ്പില്‍ നിര്‍മാതാക്കളായ അഡിഡാസ് തയാറാക്കിയിരുന്നത്. ലേലത്തില്‍ വിറ്റ പന്താണ് ഇംഗ്ലണ്ട്- അര്‍ജന്റീന മത്സരത്തില്‍ 90 മിനിറ്റും ഉപയോഗിച്ചിരുന്നത്. 1982 ഫോക്ലന്‍ഡ്സ് യുദ്ധത്തിനു പിന്നാലെയായതിനാല്‍ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ളതായിരുന്നു മത്സരം. ആദ്യം വിവാദ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്റീന പിന്നീട് മറഡോണ തന്നെ നേടിയ 'നൂറ്റാണ്ടിന്റെ ഗോളി'ല്‍ കളിയും അവസാനം കപ്പും സ്വന്തമാക്കുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ സൂപര്‍താരമായിരുന്നു മറഡോണ 2020ല്‍ തന്റെ 60ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

പന്തുമായി ഗോളിനരികെയെത്തിയ മറഡോണയെ തടഞ്ഞ് ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ ഓടിയെത്തിയെങ്കിലും അര്‍ജന്റീനക്കായി കൈകൊണ്ട് ഗോളിലേക്ക് തട്ടിയിടുകയായിരുന്നു. പകുതി ദൈവത്തിന്റെ കൈകൊണ്ടും പകുതി മറഡോണയുടെ കൈകൊണ്ടുമാണ് ഗോള്‍ നേടിയതെന്നായിരുന്നു അതേ കുറിച്ച്‌ മറഡോണയുടെ വിശദീകരണം. താന്‍ പിറകിലായതിനാല്‍ കൃത്യമായി കാണാനായില്ലെന്നും അതിനാല്‍ ഗോള്‍ അനുവദിച്ചെന്നുമായിരുന്നു ഇതേ കുറിച്ച്‌ റഫറി പറഞ്ഞത്. 2-1നാണ് അന്ന് അര്‍ജന്റീന കളി ജയിച്ചത്. നാലു മിനിറ്റ് കഴിഞ്ഞ് അഞ്ചു ഇംഗ്ലീഷ് താരങ്ങളെ അതിവേഗം ഓടിക്കടന്ന് വീണ്ടും മറഡോണ നേടിയ സോളോ ഗോളും ചരിത്രത്തിന്റെ ഭാഗമായി.