ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ പീഡനാരോപണം; അന്വേഷണത്തിനായി ഏഴംഗ സമിതി

Olympic Association to investigate sex allegations against wrestling federation president
 

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങിനെതിരായ പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക്‌സ് അസോസിയേഷൻ സമിതി രൂപീകരിച്ചു. മേരീ കോം, ഡോല ബാനർജി ഉൾപ്പെടെ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ബ്രിജ് ഭൂഷൺ സിങ് രാജിവെക്കണമെന്നും ഗുസ്തി ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് താരങ്ങൾ പരാതി നൽകിയത്.

ഗുസ്തി താരങ്ങൾ കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഇന്നു വീണ്ടും കൂടിക്കാഴ്ച നടത്തി. ഫെഡറേഷൻ പ്രസിഡന്റ് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. വ്യാഴാഴ്ച രാത്രി മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചർച്ച നടത്തുകയായിരുന്നു. ഇതിനിടെ, താൻ സംസാരിക്കാൻ തുടങ്ങിയാൽ സുനാമിയുണ്ടാകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ് ഉത്തർ പ്രദേശിൽ പ്രതികരിച്ചു. 
 

അതേ സമയം, കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.  

എന്നാൽ ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം കേസെടുത്ത് അറസ്റ്റ് ചെയ്യുകയും, ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. കേരളത്തിൽ നിന്നടക്കം സമരത്തിന് പിന്തുണ ലഭിച്ചതായും താരങ്ങൾ അറിയിച്ചു. 

ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്‌ലിംഗ്  താരങ്ങൾ രംഗത്തെത്തിയത്.  ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിനേഷ് ആവശ്യപ്പെട്ടിരുന്നു.