പകരംവീട്ടി പാകിസ്താൻ; ഇന്ത്യയെ 5 വിക്കറ്റിന് തകർത്തു

sd
 

ദുബായ്: ഏഷ്യാ കപ്പ് ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരംവീട്ടി പാകിസ്ഥാന്‍. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി.

182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രവി ബിഷ്‌ണോയിയാണ് ബാബറിനെ മടക്കിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ ഫഖര്‍ സമാനെ (15) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന്‍ - മുഹമ്മദ് നവാസ് സഖ്യം കളി പാകിസ്താന് അനുകൂലമാക്കി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ നവാസായിരുന്നു കൂടുതല്‍ അപകടകാരി. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്താനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്താനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി നേടിയ താരം 44 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 60 റണ്‍സെടുത്തു.

ഷദാബ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഹസ്നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.