സെഞ്ചുറിയുമായി ബട്‌ലർ, തകര്‍ത്തടിച്ച് സഞ്ജു; ഡൽഹിക്കെതിരെ രാജസ്ഥാന് ജയം

സെഞ്ചുറിയുമായി ബട്‌ലർ, തകര്‍ത്തടിച്ച് സഞ്ജു; ഡൽഹിക്കെതിരെ രാജസ്ഥാന് ജയം
 

മുംബൈ: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം.  രാജസ്ഥാൻ ഉയര്‍ത്തിയ 222 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുക്കണേ സാധിച്ചുള്ളൂ.

സീസണിലെ മൂന്നാം സെഞ്ചുറിയുമായി തകർത്തടിച്ച ജോസ് ബട്‍ലറിന്റെ മികവിലാണ് രാജസ്ഥാൻ കൂറ്റന്‍ സ്കോര്‍ ഉയർത്തിത്. 
ഏഴു മത്സരങ്ങളിൽനിന്ന് സീസണിലെ അഞ്ചാം ജയം കുറിച്ച രാജസ്ഥാൻ 10 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. 

അവസാന ഓവറിൽ വിജയത്തിലേക്ക് 36 റൺസ് വേണ്ടിയിരിക്കെ റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്. ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂന്നാം പന്ത് നോബോളായിരുന്നുവെന്ന് വാദിച്ച് ഡൽഹി താരങ്ങൾ രംഗത്തെത്തിയത് വിവാദമായി. 

അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ അവസാന മൂന്നു പന്തിൽ രണ്ടു റൺസ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
  
രാജസ്ഥാന്‍ ഉയർത്തിയ റൺമലയ്ക്കു മുന്നിൽ പതറാതെ ബാറ്റെടുത്ത ഡൽഹിക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്. 4.3 ഓവറിൽ ഇരുവരും സ്കോർബോർഡിലെത്തിച്ചത് 43 റൺസ്. സീസണിലെ തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി കൂട്ടുകെട്ട് ഇവർക്ക് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. പൃഥ്വി ഷാ 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്തു. വാർണർ 14 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്ത് പുറത്തായി.

24 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. 24 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 37 റൺസെടുത്ത ലളിത് യാദവിന്റെ പോരാട്ടവീര്യവും ശ്രദ്ധേയമായി. സർഫറാസ് ഖാൻ (മൂന്നു പന്തിൽ ഒന്ന്), അക്ഷർ പട്ടേൽ (നാലു പന്തിൽ ഒന്ന്), ഷാർദുൽ ഠാക്കൂർ (ഏഴു പന്തിൽ 10) എന്നിവർ നിരാശപ്പെടുത്തി.

രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി യുസ്‌വേന്ദ്ര ചെഹല്‍ ഒരു വിക്കറ്റെടുത്തു. ഓബദ് മക്കോയ് മൂന്ന് ഓവറിൽ 52 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.  

 
നേരത്തെ, ഐപിഎൽ 15-ാം സീസണിൽ മൂന്നാം സെഞ്ചുറി കുറിച്ച് ഉജ്വല ഫോമിൽ കുതിക്കുന്ന ഇംഗ്ലിഷ് ഓപ്പണർ ജോസ് ബട്‍ലറിന്റെ മികവിലാണ് ഡൽഹിക്കെതിരെ രാജസ്ഥാൻ കൂറ്റൻ സ്കോർ കുറിച്ചത്.  

65 പന്തില്‍ ഒമ്പതു വീതം ഫോറും സിക്‌സും നേടിയ ബട്‌ലര്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ ദേവ്ദത്ത് പടിക്കലിനൊപ്പം 115 റണ്‍സ് പടുത്തുയര്‍ത്തി. 35 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 54 റണ്‍സാണ് ദേവ്ദത്ത് നേടിയത്.

19 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം 46 റണ്‍സുമായി സഞ്ജു സാംസണ്‍ അവസാവ ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. സഞ്ജുവിനൊപ്പം ഒരു പന്തില്‍ ഒരു റണ്ണോടെ ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു.

മൂന്നു ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് വഴങ്ങിയത് 40 റണ്‍സാണ്‌. നാല് ഓവറില്‍ 47 റണ്‍സാണ് ഖലീല്‍ അഹമ്മദ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് നേടി എന്നതാണ് ഖലീലിന് നേരിയ ആശ്വാസം നല്‍കുന്നത്. നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റ് നേടി.