മഴ വില്ലനായി ; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു

t20
 

കനത്ത മഴയെത്തുടർന്ന്  ഇന്ന് വെല്ലിങ്‌ടണിലെ സ്കൈ സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം 11.30ന് ടോസ് നിശ്ചയിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടിവച്ചു. എന്നാൽ മഴ കുറയാതെ വന്നതോടെ ടോസ് പോലും ഇല്ലാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ പുറത്തായ ഇരു ടീമുകളും ഇതിന് ശേഷം പങ്കെടുക്കുന്ന ആദ്യ പരമ്പരയായിരുന്നു ഇത്. 

ഇന്ത്യ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോടും, ന്യൂസിലൻഡ് പാക്കിസ്ഥാനോടും തോറ്റാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

"ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുന്നത് എപ്പോഴും നല്ല അനുഭവമാണ്, അവർ മികച്ച ടീമാണ്. പക്ഷേ ഇന്നത്തെ സാഹചര്യം അതിന് അനുവദിച്ചില്ല" എന്ന് ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ പ്രതികരിച്ചു.