തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; രണ്ടാം ട്വന്റി 20-യിൽ ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ

Rohit Sharma leads IND to six-wicket win in 8-over hitathon
 


നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.

20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്ക് ജയൊമരുക്കിയത്.

അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കായി ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് ഫിനിഷ് ചെയ്തു.
 
കെ.എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.

ഓസ്‌ട്രേലിയക്കായി ആദം സാംപ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ മികവിലാണ് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തത്. വെയ്ഡ് 19 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സെടുത്തു. 


ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ടോവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര രണ്ടോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു.