രോഹിതും സംഘവും ട്രിനിഡാഡിലെത്തി; ആദ്യ ടി-20 വെള്ളിയാഴ്ച

1
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും അടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടി. അവസാന മത്സരം നാളെ നടക്കും.

രണ്ടാം ഏകദിനത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിൻ്റെ ആവേശജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8. നാലാം വിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണും ശ്രേയാസ് അയ്യരും ചേർന്ന കൂട്ടുകെട്ടാണ് (99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രേയാസ് അയ്യർ (63), സഞ്ജു സാംസൺ (54) എന്നിവരും ഇന്ത്യക്കായി അർധസെഞ്ചുറി നേടി. കൂടാതെ ശുഭ്മൻ ഗിൽ (43), ദീപക് ഹൂഡ (33) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫ്, കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.

ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിൻഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ നിക്കോളാസ് പൂരാനും (74) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റൺസിന് ജയിച്ചിരുന്നു.