സന്തോഷ് ട്രോഫി: മിസോറാമിനെയും തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫി: മിസോറാമിനെയും തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ
 

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബാളില്‍ കരുത്തരായ മിസോറാമിനെയും തകർത്ത് നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ ജയം. അവസാന മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരാവാനും കേരളത്തിനായി.

 
കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി. മുപ്പത് മിനുറ്റ് വരെ കേരളത്തെ വരുതിയിലാക്കാന്‍ മിസോറാമിനായെങ്കിലും നരേഷ് ഭാഗ്യനാഥന്‍ ആദ്യം ലക്ഷ്യം കണ്ടതോടെ മിസോറാം തകര്‍ന്നു. പിന്നെ നാല് ഗോളുകള്‍ കൂടി മിസോറാം വലയിലെത്തിച്ചാണ് കേരളം കളി അവസാനിപ്പിച്ചത്.

ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ് വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ഡൽഹിയിലായിരിക്കും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ നടക്കുക.