വെടിക്കെട്ട് ബാറ്റിങുമായി സ്മൃ​തി മന്ഥാന; പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം

google news
Smriti Mandhana's unbeaten 63 helps IND W secure win vs PAK
 

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ. 100 റൺസ് വിജയലക്ഷ്യം 38 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 102 റൺസെടുത്തു. മഴയെ തുടർന്നു മത്സരം 18 ഓവറായി ചുരുക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് രണ്ടാം വിക്കറ്റിലെ 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പല്ലാതെ കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല. മഴ കാരണം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ 99 റണ്‍സിന് പാകിസ്താന്‍റെ ഇന്നിങ്സ് അവസാനിച്ചു. 

മറുപടി ബാറ്റിങില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ്. അര്‍ധസെഞ്ച്വറി നേടിയ സ്മൃതി 42 പന്തില്‍‌ എട്ട് ബൌണ്ടറിയും മൂന്ന് സിക്സറുകളുമുള്‍പ്പടെ 63 റണ്‍സോടെ പുറത്താകാതെ നിന്നു. ഷഫാലി വർമ (9 പന്തിൽ 16), സബ്ബിനേനി മേഘന (16 പന്തിൽ 14), ജെമിമ റോഡ്രിഗസ് (3 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.

നേരത്തേ അവസാന പന്തില്‍ പാകിസ്താന്‍ വനിതകള്‍ ഓള്‍ഔട്ടാകുകയായിരുന്നു. 32 റൺസ് നേടിയ മുനീബ അലിയാണ് പാക് ടീമിന്‍റെ ടോപ് സ്കോറര്‍. ബിസ്മ മാറൂഫ് 17 റൺസ് നേടി പുറത്തായപ്പോള്‍ 18 റൺസ് നേടിയ ആലിയ റിയാസ് ആണ് പാകിസ്താന്‍റെ മറ്റൊരു പ്രധാന സ്കോറര്‍.  

ഇന്ത്യയ്ക്കായി സ്നേഹ് റാണയും രാധ യാദവും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. രേണുക സിങ്, മേഘ്ന സിങ്, ഷഫാലി വർമ എന്നിവർ ഓരോ വിക്കറ്റും നേടി.  

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു.
 

Tags