സുപ്രീം കോടതി വിധി അനുകൂലം; ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാം

Sourav Ganguly, Jay Shah Can Have BCCI Term 2 After Supreme Court Order
 

ന്യൂഡൽഹി: ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെന്ന് സുപ്രിം കോടതി. ഭരണഘടന ഭേദഗതിക്ക് സുപ്രിം കോടതി അംഗീകാരം നൽകി.

നിര്‍ദിഷ്ട കാലയളവിനുശേഷം ഇരുവര്‍ക്കും സ്ഥാനങ്ങളില്‍ തുടരാം. ബി.സി.സി.ഐ തിരഞ്ഞെടുപ്പിലും മത്സരിക്കാം. ബി.സി.സിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിധികളിലൊന്നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെയും ഹിമാ കോലിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബി.സി.സി.ഐ മുന്നോട്ട് വെച്ച മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ബിസിസിഐയുടെ ഭരണഘടനയിലെ 'കൂളിംഗ് ഓഫ് പിരീഡ്' ക്ലോസ് കാരണം ഗാംഗുലിയുടെയും ഷായുടെയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. ബി.സി.സി.ഐയുടെ തലപ്പത്ത് മൂന്ന് വര്‍ഷമാണ് ഇരുവരും നിന്നത്. അതിന് മുന്‍പുള്ള ആറുവര്‍ഷം ഇരുവരും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നു.

ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ ഭരണത്തിലുണ്ടായിരുന്നു. പിന്നാലെ ഇരുവരും ബി.സി.സി.ഐയുടെ തലപ്പത്തുമെത്തി. ഇതോടെ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ഇരുവരും അധികാരത്തിലമര്‍ന്നു. ഇക്കാരണത്താല്‍ വീണ്ടും സ്ഥാനങ്ങളില്‍ തുടരാന്‍ ബി.സി.സി.ഐയുടെ ഭരണഘടന അനുവദിക്കുമായിരുന്നില്ല. തുടര്‍ച്ചയായി ഭരണത്തിലിരുന്നാല്‍ അധികാരങ്ങളില്‍ നിന്ന് കുറച്ചുകാലം മാറിനില്‍ക്കണമെന്നതാണ് ബി.സി.സി.ഐയുടെ ഭരണഘടനയിലുള്ളത്. ഇതാണ് കൂളിങ് ഓഫ് പിരീഡ്.

ഇതേത്തുടര്‍ന്നാണ് ബി.സി.സി.ഐ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അധികൃതര്‍ സുപ്രീം കോടതിയിലെത്തിയത്. 12 വര്‍ഷം തുടര്‍ച്ചയായി ഒരു വ്യക്തി കൂളിങ് ഓഫ് പിരീഡ് എടുക്കാതെ ഭരണത്തലപ്പത്ത് തുടരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. നേരത്തെ, ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബിസിസിഐയില്‍ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. ബിസിസിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സുപ്രധാനമായ വിധി പുറത്തുവന്നത്.

2019 ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേൽക്കുന്നത്. പിറ്റേദിവസം ജയ് ഷാ സെക്രട്ടറിയായും ചുമതലയേറ്റു. ഈ വർഷം ഒക്ടോബറിലാണ് ഇരുവരുടെയും കരാർ പൂർത്തിയാകുന്നത്. എന്നാൽ സുപ്രിം കോടതി ഉത്തരവോടെ ഇരുവരുടെയും കാലാവധി നീണ്ടു.