'പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട'; വിനോദനികുതി കൂട്ടിയ നടപടി ന്യായീകരിച്ച് മന്ത്രി അബ്ദുറഹിമാൻ

abdu
 


തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. എന്തിന് നികുതി കുറയ്ക്കണം എന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. 

നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നും മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടു പോയെന്നും മന്ത്രി പറഞ്ഞു. 
 
 
'നികുതി കുറച്ചാലും ടിക്കറ്റ് വില കുറയില്ല, സംഘാടകർ അമിത ലാഭമെടുക്കുന്നത് തടയാനാണ് നികുതി കുറയ്ക്കാത്തത്, കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വിനോദനികുതി കുത്തനെ കൂട്ടിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതിയാണു സർക്കാർ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാർ 12% ആയി വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.

ഈ മാസം 15നാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഉച്ചയ്ക്ക് 1:30 നാണ് മത്സരം ആരംഭിക്കുന്നത്.