ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന

raina
 

ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ലീഗ് മത്സരങ്ങള്‍ കളിക്കുന്നതിനായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2019ല്‍ റെയ്‌ന വിരമിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും കളിച്ചു. കഴിഞ്ഞ ഐപിഎല്‍ താര ലേലത്തില്‍  റെയ്‌നയുടെ ഐപിഎല്‍ സാധ്യതകൾ നഷ്ടമായതോടെ മറ്റ് ലീഗുകള്‍ കളിക്കുന്നതിലേക്ക് റെയ്‌ന ശ്രദ്ധ കൊടുക്കുകയാണ്. 

രാജ്യത്തേയും എന്റെ സംസ്ഥാനമായ ഉത്തര്‍പ്രദേശിനേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റിനും, ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജീവ് ശുക്ലയ്ക്കും എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു, സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.


സെപ്തംബര്‍ 10ന് ആരംഭിക്കുന്ന റോഡ് സേഫ്റ്റി പരമ്പരയില്‍ കളിക്കണമെങ്കിൽ  ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കണമായിരുന്നു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കളിക്കാന്‍ അനുമതിയുള്ളത്.