വലൻസിയക്ക് ഇരട്ടഗോള്‍; ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ജയം

Valencia scores twice as Ecuador beats host Qatar 2-0 in WC opener
 

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോൾ ലക്ഷ്യം കണ്ടു.  


മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. 

കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു തുടങ്ങുകയായിരുന്നു ഇക്വഡോർ. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിലെത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം വലൻസിയ ഗോളാക്കി മാറ്റി തുടർന്ന് ആഹ്ലാദവും നടന്നു.  ​ഗോൾ ആദ്യം അം​ഗീകരിച്ചെങ്കിലും അഞ്ചാം മിനിറ്റിൽ വാർ സിസ്റ്റം വഴിയുള്ള പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതോടെ ​ഗോൾ അല്ലാതെയായി.  

   
16-ാം മിനിറ്റിൽ ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റനെ ഖത്തർ ഗോൾകീപ്പർ അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തി. ഇതോടെ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചു. പെനൽറ്റി എടുത്ത വലൻസിയ അൽ ഷീബിനെ മറികടന്ന് ഖത്തറിന്റെ വല കിലുക്കി.
 
പിന്നീടങ്ങോട് കളികളത്തിൽ ഇക്വഡോറിന്റെ മേൽകൈ തന്നെയായിരുന്നു കാണാനായത്. 31–ാം മിനിറ്റിൽ ക്യാപറ്റൻ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഗോൾകീപ്പർ അൽ ഷീബിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി .ഇതോടെ ലോകകപ്പിൽ നാല് ഗോളുകൾ നേടുന്ന ആദ്യ എക്വഡോർ താരമെന്ന നേട്ടം എന്നെർ വലൻസിയ സ്വന്തമാക്കി.