കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ വികാസ് താക്കൂറിന് വെള്ളി

Vikas Thakur wins silver in Weightlifting
 

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 96 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെള്ളി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സ്‌നാച്ചില്‍ 155 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 199 കിലോയും ഉയര്‍ത്തിയാണ് വികാസ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

താരത്തിന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2014-ല്‍ ഗ്ലാസ്ഗൗവില്‍ വെള്ളി നേടിയ താരം 2018-ല്‍ ഗോള്‍ഡ് കോസ്റ്റില്‍ വെങ്കല മെഡലും നേടിയിരുന്നു. 

മിരാബായ് ചാനു, ജെറെമി ലാല്‍റിന്നുന്‍ഗ, അചിന്ത ഷെവുലി, സന്‍കെത് സാര്‍ഗര്‍, ബിന്ദ്യാറാണി റാണി, ഗുരുരാജ പൂജാരി, ഹര്‍ജിന്ദര്‍ കൗര്‍ എന്നിവര്‍ക്ക് പിന്നാലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്.