സന്തോഷ് ട്രോഫി: മണിപ്പുരിനെ തകർത്ത് ബംഗാൾ; ഫൈനലിൽ കേരളത്തിനെ നേരിടും

West Bengal won Santosh Trophy Semi final vs Manipur
 

  
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ച്യാംപന്‍ഷിപ്പിന്‍റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ തകർത്ത് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 

46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ച്യാംപന്മാരായി. ഇതോടെ തിങ്കളാഴ്ച (മേയ് 2) നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍. 

സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം. 

2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്ത് വച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.