വെസ്റ്റ് ഇൻഡീസ് - ഇന്ത്യ; രണ്ടാം ടി-20 മത്സരം ഇന്ന്

t20
 

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 മത്സരം ഇന്ന് നടക്കും. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം നടക്കുക. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടു നിൽക്കുകയാണ്. ഇന്നത്തെ കളി വിജയിച്ച് പരമ്പരയിലേക്ക് തിരികെ വരാനാണ് വെസ്റ്റ് ഇൻഡീസിൻ്റെ ശ്രമം. 

ടി-20യ്ക്ക് ചേരാത്ത ശ്രേയാർ അയ്യർക്ക് ടീമിൽ വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് രണ്ടാം മത്സരം. ശ്രേയാസിനു പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. 

 പ്രധാന സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് പരുക്കേറ്റെങ്കിലേ സാധാരണ ഗതിയിൽ പകരം താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളൂ. എന്നാൽ, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെൻ്റുകൾ മുന്നിൽ കണ്ട് ടീം ഒരുക്കുന്നതിനാൽ സഞ്ജുവിനെ പരീക്ഷിച്ചേക്കാനും ഇടയുണ്ട്.

അശ്വിൻ, ജഡേജ, ബിഷ്ണോയ് എന്നീ മൂന്ന് സ്പിൻ ഓപ്ഷനുകളുമായാണ് ഇന്ത്യ ആദ്യ കളിയിൽ ഇറങ്ങിയത്. ഇവരിൽ ബിഷ്ണോയിയെയോ അശ്വിനെയോ പുറത്തിരുത്തി അക്സർ പട്ടേൽ കളിച്ചേക്കും. എന്നാൽ, ആദ്യ കളിയിൽ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയതിനാൽ ഇവരെ ടീമിൽ നിലനിർത്താനും സാധ്യതയുണ്ട്. സൂര്യകുമാർ യാദവിനെ ഓപ്പണറായി പരീക്ഷിച്ചത് വിജയിച്ചില്ലെങ്കിലും ഇന്നത്തെ കളിയിൽ അതിനു മാറ്റമുണ്ടാവാനിടയില്ല.