ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഏകദിനം മതിയാക്കുമെന്ന് നവീന്‍ വ്യക്തമാക്കി. ഇരുപത്തിനാലാം വയസിലാണ് താരത്തിൻ്റെ വിരമിക്കല്‍ പ്രഖ്യാപനം. എന്നാല്‍ ടി20യില്‍ തുടര്‍ന്നും കളിക്കുമെന്നും നവീന്‍ അറിയിച്ചു. വിരമിക്കല്‍ എളുപ്പമുള്ള തീരുമാനമല്ലെങ്കിലും തന്റെ ക്രിക്കറ്റ് കരിയര്‍ നീട്ടാനാണ് ഏകദിനം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ചു.
‘എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വലിയ ബഹുമതിയാണ്. ഈ ലോകകപ്പിന്റെ അവസാനം ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു. ടി20യില്‍ എന്റെ രാജ്യത്തിനായി നീല ജഴ്‌സിയില്‍ കളിക്കുന്നത് തുടരും. ഈ തീരുമാനമെടുക്കുന്നത് എളുപ്പമായിരുന്നില്ല, എങ്കിലും എന്റെ കരിയര്‍ നീട്ടാന്‍ ഇത്തരമൊരു കഠിനമായ തീരുമാനം എടുക്കേണ്ടി വന്നു’ അദ്ദേഹം കുറിച്ചു. തന്നെ പിന്തുണച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ആരാധകര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.
അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടാതെ, ഐപിഎല്‍, എല്‍പിഎല്‍, ബിബിഎല്‍, പിഎസ്എല്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ടി 20 ലീഗുകളിലും നവീന്‍ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായിരുന്ന നവീന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തിനിടെ വിരാട് കോഹ്‌ലിയുമായി കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു.
മേയ് ഒന്നിനു നടന്ന മത്സരത്തിനിടെയാണ് ഇരുവരും ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്തത്. മത്സരത്തിനിടെ കോഹ്‌ലി നവീനെ പ്രകോപിപ്പിക്കുകയും അതിനു നവീന്‍ മറുപടി നല്‍കുകയും ചെയ്തതോടെയാണ് സംഭവം വഷളായത്. പിന്നീട് മത്സരശേഷവും ഇരുവരും തമ്മില്‍ ഉരസലുണ്ടായി. ഇത് ലഖ്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീര്‍ ഇടപെട്ടതോടെ വലിയ പ്രശ്‌നത്തിലേക്ക് നയിച്ചു. മത്സരത്തിന് ശേഷം നവീന്‍ ഇടയ്ക്കിടെ കോഹ്‌ലിയെ ട്രോളുന്ന വിധത്തില്‍ ചില പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ പ്രകോപനമുണ്ടാക്കുകയും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനുനേരെ കനത്ത ആക്രമണം നടത്തുകയും ചെയ്തു. പിന്നീടുള്ള മത്സരത്തില്‍ താരം പന്ത് തൊട്ടപ്പോഴെല്ലാമ ഗ്യാലറിയില്‍ കോഹ്‌ലി ആരാധകര്‍ കൂവിവിളിച്ചു.
2016-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച നവീന്‍ ഏഴ് ഏകദിനങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു. 25.42 ശരാശരിയില്‍ 14 വിക്കറ്റുകളാണ് നേടിയത്. 2021 മുതല്‍ നവീന്‍ ഏകദിനത്തില്‍ കളിച്ചിരുന്നില്ല. ഈ സമയങ്ങളിലെല്ലാം താരം ടി20യിലെ സജീവ സാന്നിധ്യമായിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷമാണ് ഈ മാസമാദ്യം അദ്ദേഹത്തെ അഫ്ഗാനിസ്ഥാന്റെ 15 അംഗ ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തത്. ഫസല്‍ഹഖ് ഫാറൂഖി, അബ്ദുള്‍ റഹ്‌മാന്‍, ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ക്കൊപ്പം അവരുടെ പേസ് ആക്രമണത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തര കൊറിയ
ലോകകപ്പ് സന്നാഹമത്സരത്തിനായി അഫ്ഗാന്‍ ടീം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ധര്‍മശാലയില്‍ ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. 11നാണ് ഇന്ത്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ മത്സരം.