ഇസ്രായേല്‍ താരത്തെ നേരിടാതിരിക്കാന്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി; ജൂഡോ താരത്തിന് 10 വര്‍ഷം വിലക്ക്

Algerian judoka Fethi Nourine receives 10-year ban for withdrawing from Olympics to avoid Israel
 

ഇസ്രായേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ടോക്യോ ഒളിമ്പിക്‌സില്‍നിന്ന് പിന്മാറിയ ജൂഡോ താരത്തിനും പരിശീലകനും 10 വര്‍ഷം വിലക്ക്. അള്‍ജീരിയന്‍ താരം ഫേതി നൗറിനേയും പരിശീലകന്‍ അമര്‍ ബെനിക് ലെഫിനേയുമാണ് രാജ്യാന്തര ജൂഡോ ഫെഡറേഷന്‍ വിലക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ചാമ്പ്യനായിട്ടുള്ള താരമാണ് ഫേതി നൗറിന്‍. 

ഇസ്രായേല്‍ താരം തോഹാര്‍ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാനാണ് ഫേതി പിന്മാറിയത്. സുഡാന്റെ മുഹമ്മദ് അബ്ദുല്‍ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ആദ്യ റൗണ്ട് മത്സരം. എന്നാല്‍ ഈ മത്സരം വിജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ തോഹാര്‍ ബത്ബുല്ലിനാകും ഫേതിയുടെ എതിരാളി. ഇതോടെയാണ് 73 കിലോഗ്രാം വിഭാഗത്തില്‍നിന്ന് ഫേതി പിന്മാറിയത്. 

ഫലസ്തീന്‍ ജനതക്ക് ഐക്യദാർ‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറുകയാണെന്ന് മത്സരത്തിന് നാല് ദിവസം മുമ്പാണ് ഫെതി വ്യക്തമാക്കിയത്.

പിന്നാലെ ഫേതിയുടേയും പരിശീലകന്‍റെയും അംഗീകാരം റദ്ദാക്കിയ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്കു തിരിച്ചയച്ചു. 2019ലെ ജൂഡോ ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് ഇതേ കാരണത്താൽ പിന്മാറിയ താരമാണു ഫേതി. ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണ് ഫേതി നടത്തിയത് എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.