ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

copa finalist

മാരക്കാന: ബ്രസീലിനെ വീഴ്ത്തി അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ്​ ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ്​ സൈഡ്​ പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്‍റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ്​ തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക്​ പന്തുമായി മു​േന്നറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.

1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി.