വനിതാ ടി20: ഇന്ത്യന്‍ ടീമിന് പരാജയം; പരമ്പര നേടി ഓസ്‌ട്രേലിയ

വനിതാ ടി20: ഇന്ത്യന്‍ ടീമിന് പരാജയം; ഓസ്‌ട്രേലിയക്ക് പരമ്പര
 

ക്വീന്‍സ്‌ലന്‍ഡ്: ഇന്ന് നടന്ന വനിതകളുടെ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 14 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചിന് 149. ഇന്ത്യ 20 ഓവറില്‍ ആറിന് 135.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. രണ്ടാം ട്വന്റി 20 യിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 61 റണ്‍സെടുത്ത ബെത്ത് മൂണിയുടെയും 44 റണ്‍സടിച്ച താഹ്‌ലിയ മഗ്രാത്തിന്റെയും മികവിലാണ് 149 റണ്‍സെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ രേണുക സിങ്, പൂജ വസ്ത്രാകര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്കായി സ്മൃതി മന്ഥാന 49 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 52 റണ്‍സെടുത്തു. 23 റണ്‍സ് വീതമെടുത്ത ജെമീമ റോഡ്രിഗസും റിച്ച ഘോഷും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നിക്കോള കാരി രണ്ട് വിക്കറ്റ് നേടി. ആഷ്‌ലി ഗാര്‍ഡ്‌നര്‍, ജോര്‍ജിയ വാറെഹാം, അനബെല്‍ സതര്‍ലന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.