ലോകകപ്പിലെ മോശം പ്രകടനം; പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം

google news
babar
 chungath new advt

ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം രാജിവച്ചു. ലോകകപ്പിൽ പാക്കിസ്ഥാൻ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെയാണു ബാബർ സ്ഥാനമൊഴിഞ്ഞത്. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നതായാണ് ബാബർ പ്രസ്താവനയിൽ അറിയിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്നും ബാബർ പ്രതികരിച്ചു.


ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ വന്ന പാകിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാന്‍ സാധിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളോട് പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പകരക്കാരനെ ഇതുവരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരില്‍ ഒരാള്‍ നായകനായേക്കും.
 
‘‘2019ൽ പാക്കിസ്ഥാൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ പിസിബിയുടെ വിളിയെത്തിയത് ഞാൻ‌ ഇപ്പോഴും ഓർക്കുന്നു. കഴിഞ്ഞ നാലു വർഷത്തിൽ ഞാൻ‌ പല ഉയർച്ചകളും തിരിച്ചടികളും നേരിടേണ്ടിവന്നു. എന്നാൽ എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയർത്തിപ്പിടിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടേയും പരിശീലകരുടേയും മാനേജ്മെന്റിന്റെയും ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. ഈ യാത്രയിൽ എനിക്കു പിന്തുണ നൽകിയ പാക്കിസ്ഥാൻ ആരാധകർക്ക് എന്റെ നന്ദി അറിയിക്കുന്നു.’’

‘‘ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഞാന്‍ പടിയിറങ്ങുകയാണ്. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. മൂന്നു ഫോർമാറ്റുകളിലും ഒരു അംഗമെന്ന നിലയിൽ പാക്ക് ടീമിലുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് എന്റെ നന്ദി അറിയിക്കുന്നു.’’– ബാബർ അസം പ്രതികരിച്ചു.

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിച്ച ഒന്‍പതു മത്സരങ്ങളിൽ നാലെണ്ണം ജയിക്കാൻ മാത്രമാണു പാക്കിസ്ഥാന് സാധിച്ചത്. ഇന്ത്യ, അഫ്ഗാന്‍ എന്നിവര്‍ക്ക് പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയും പാകിസ്ഥാന്‍ തോറ്റു. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെയാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു