ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍

 ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍
 

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഫൈനലില്‍ കടന്നത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകന്‍ എം.എസ്.ധോനിയുടെയും വിജയത്തിന് മറ്റേകി.

തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സര വിജയിയെ നേരിടും.

173 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് എത്തിയ ഉത്തപ്പ ആക്രമിച്ചാണ് കളിച്ചത്. 44 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത ഉത്തപ്പയെ ടോം കരന്‍ പുറത്താക്കി.

 50 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത ഋതുരാജിനെ അവശ് ഖാന്‍ പുറത്താക്കി. ഋതുരാജിന് പകരം ക്രീസിലെത്തിയ ധോനി വെറും ആറ് പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി ടോം കറന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആന്റിച്ച് നോര്‍ക്കെ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും നായകന്‍ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച പ്രകടനം പുറത്തെടുത്തു.

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.