അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന് ഇംഗ്ലണ്ട്; ഐസിസിക്ക് കത്ത് നല്‍കി

അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന് ഇംഗ്ലണ്ട്; ഐസിസിക്ക് കത്ത് നല്‍കി
 

ലണ്ടന്‍: കോവിഡ് ഭീതിയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കു റദ്ദാക്കിയ ഇന്ത്യ-ഇംഗ്ലണ്ട് 5-ാം ടെസ്റ്റില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന് ഇംഗ്ലണ്ട്. ഇതുസംബന്ധിച്ച്‌ ഐസിസിക്ക് ഇംഗ്ലണ്ട് കത്ത് നല്‍കി ടെസ്റ്റിന്‍റെ ഫലം സംബന്ധിച്ച്‌ യോജിച്ചുള്ള തീരുമാനത്തിലെത്താന്‍ ഇരു ബോര്‍ഡുകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തീരുമാനം ഐസിസി പ്രഖ്യാപിക്കണമെന്നുമാണ് ഇസിബിയുടെ ആവശ്യം.

മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു നാല് കോടി പൗണ്ട്(ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നുമാണ് ഇസിബിയുടെ വാദം. അതിനാല്‍ ഇന്ത്യ തോറ്റതായ പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. എന്നാല്‍ മത്സരം തോറ്റതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
 
അടുത്ത വർഷം ഇംഗ്ലണ്ടിൽ രണ്ട് അധിക ടി20 മത്സരങ്ങൾ കളിക്കാമെന്ന് ബിസിസിഐ അറിയിച്ചു. ടെസ്റ്റ് പരമ്പരയുടെ ബജറ്റിൽ ഇതിനകം ഉണ്ടായ 407 കോടിയോളം രൂപയുടെ നഷ്ടം നികത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 

അതേസമയം മറ്റൊരവസരത്തിൽ ടെസ്റ്റ് കളിക്കാം എന്ന ഓഫറിന് പകരമാണ് ടി20ഓഫർ എന്നതിൽ വ്യക്തതയില്ല. അതോടൊപ്പം അഞ്ച് മുഴുവൻ ദിവസങ്ങൾക്ക് പകരം രണ്ട് വൈകുന്നേരങ്ങൾ കൊണ്ട് അവസാനിക്കുന്ന മത്സരത്തിലേക്ക് ചുരുങ്ങാൻ പണം നൽകിയ പ്രക്ഷേപകർ തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്. കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി, ടിക്കറ്റുകൾ, ഭക്ഷണപാനീയങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യവും ബാക്കിയാണ്. 

അതേസമയം അവസാന മത്സരം റദ്ദാക്കിയതിന് പിന്നാലെ പരമ്പര ഫലത്തെ കുറിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. കോവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെന്ന് തീരുമാനിക്കപ്പെട്ടാൽ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാൽ കോവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാൽ ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിലെ വിജയികളായി പ്രഖ്യാപിക്കും.


അതേസമയം, അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മിച്ചതായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോവിഡ് വ്യാപനം മാത്രമാണ് കാരണമായതെന്നും വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍നിര്‍ത്തിയല്ല തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കി.

മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. അഞ്ച് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കെയായിരുന്നു നിര്‍ണായകമായ അവസാന ടെസ്റ്റ് ഉപേക്ഷിച്ചത്. കളിക്കാന്‍ വിസമ്മതിച്ചതിന് താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഗാംഗുലി ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.