വിവാദങ്ങളില്‍ ഇടം പിടിച്ച് ദ്യുതി ചന്ദ് വീണ്ടും

വിവാദങ്ങളില്‍ ഇടം പിടിച്ച് ദ്യുതി ചന്ദ് വീണ്ടും

ന്യൂ ഡല്‍ഹി: പരീശീലത്തിന് പണമില്ലാത്തതിനാല്‍ തന്‍റെ ബിഎംഡബ്ല്യൂ കാര്‍ വില്‍ക്കുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ വാര്‍ത്തകളില്‍ ഇടം പിടിച്ച് പ്രശസ്ത അത്‌ലീറ്റ് ദ്യുതി ചന്ദ്. വിവാദങ്ങള്‍ സൃഷ്ടിക്കുകയെന്നത് ദ്യുതിയുടെ ശീലമാണെന്നും, ധിക്കാരത്തിനൊരു പരിധിയുണ്ടെന്നുമാണ് ഒഡീഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ താരത്തിന് നല്‍കുന്ന മുന്നറിയിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഎംഡബ്ല്യു വിൽക്കുന്നത് പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടല്ല, കാറിന്‍റെ പരിപാലന ചിലവ് ഭീമമായതു കൊണ്ടാണെന്ന് ദ്യുതി വിശദീകരിച്ചെങ്കിലും, താരത്തിന് ഇതുവരെ നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് സംഭവത്തെ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. സംസ്ഥാന കായിക മന്ത്രായത്തിന്‍റെ കണക്കുകള്‍ പ്രകാരം, 2015 മുതൽ ഇതുവരെ ദ്യുതി ചന്ദിന് ഒഡീഷ സർക്കാർ മാത്രം നൽകിയത് 4.09 കോടി രൂപയാണ്.

"2018ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമെന്ന നിലയിൽ 3 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 2015–19 കാലയളവിൽ കായിക പരിശീലനത്തിനുള്ള സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിംപിക്സിനുള്ള ഒരുക്കത്തിനായി ഇതിനു പുറമെ വേറൊരു 50 ലക്ഷം രൂപ കൂടി നൽകി. ഇത് 2019 ഓഗസ്റ്റ് രണ്ടിനും ഡിസംബർ 27നുമായി രണ്ട് ഗഡുക്കളായാണ് നൽകിയത്," ഒഡീഷ കായിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ദ്യുതി ചന്ദിന് സംസ്ഥാന സർക്കാർ അരലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി നൽകിയ കാര്യവും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഒഡീഷ മൈനിങ് കോർപറേഷനിൽ (ഒഎംസി) എ ലെവൽ ഓഫിസറായാണ് ദ്യുതിയെ സംസ്ഥാന സർക്കാർ നിയമിച്ചത്. നിലവിൽ 84,604 രൂപയാണ് ദ്യുതിയുടെ മൊത്തം പ്രതിമാസ ശമ്പളം. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ദ്യുതി ഓഫിസിൽ വരേണ്ട കാര്യം പോലുമില്ല. മുഴുവൻ സമയ പരിശീലനത്തിന് ദ്യുതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുള്ളതാണെന്നും കായിക മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

"ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാക്കളായ ഹിമാ ദാസ്, സ്വപ്‌ന ബാർമാൻ എന്നിവര്‍ക്ക് അവരുടെ സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചത് കേവലം 10 ലക്ഷം രൂപയാണ്. എന്നാല്‍, ഇതിനെക്കുറിച്ച് അവർ ശബ്ദമുയർത്തിയിട്ടില്ല," സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

"2018 ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയതിന് ഒഡീഷ സർക്കാർ എനിക്ക് നൽകിയ സമ്മാന തുകയാണ് 3 കോടി രൂപ. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാന സർക്കാരുകളിൽ നിന്ന് പിവി സിന്ധുവോ മറ്റേതെങ്കിലും മെഡൽ ജേതാക്കളോ സ്വീകരിക്കുന്ന ബഹുമതി പോലെ തന്നെയാണ് ഇതും. അല്ലാതെ പരീശീലനത്തിനുള്ള സാമ്പത്തിക സഹായമായി കരുതേണ്ട കാര്യമില്ല," കായിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സംബന്ധിച്ച് ദ്യുതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പണം പരിശീലന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു പകരം ബിഎംഡബ്ല്യു പോലെ ആഢംബര വാഹനങ്ങള്‍ വാങ്ങി ചിലവഴിച്ചതെന്തിനാണെന്നാണ് ഒഡീഷയിലെ മിക്ക കായിക ഉദ്യോഗസ്ഥരും മുന്നോട്ടുവയ്ക്കുന്ന ചോദ്യം. മുഖ്യമന്ത്രിയില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതിനു പിന്നാലെ, എന്‍റെ കൈയ്യില്‍ ഷൂസ് വാങ്ങാന്‍ പോലും പണമില്ലെന്ന ആരോപണവുമായി ദ്യുതി രംഗത്ത് വന്നിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ബിഎംഡബ്ല്യു പോലൊരു ആഢംബര കാർ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് അത് വില്‍ക്കാന്‍ തീരമാനിച്ചതെന്നായിരുന്നു പരിശീലന ചെലവിന് പണം കണ്ടെത്താൻ കാർ വിൽക്കുന്നുവെന്ന റിപ്പോർട്ടുകളെ ഖണ്ഡിച്ചുകൊണ്ട് ദ്യുതി പ്രതികരിച്ചത്. ഒഡീഷ സർക്കാരും കേന്ദ്ര സർക്കാരും ഉറച്ച പിന്തുണയാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ ദ്യുതി, ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ ഭാരം വഹിക്കുന്ന സർക്കാരുകളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഢംബര കാർ വിൽക്കാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചിരുന്നു.