ഓവല്‍ ടെസ്റ്റ്‌: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 191 റണ്‍സിന് പുറത്ത്

 England vs India, 4th Test, The Oval, 1st day
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിന്‍സണും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും ഷാര്‍ദുല്‍ താക്കൂറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.

ഇതില്‍ തന്നെ 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത ഷാര്‍ദുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 191-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷാര്‍ദുല്‍ കൂട്ടിച്ചേര്‍ത്ത 63 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 

ക്യാപ്റ്റന്‍ വിരാട് കോലി 96 പന്തില്‍ നിന്ന് എട്ടു ഫോറുകളടക്കം 50 റണ്‍സെടുത്തു. ഒലി റോബിന്‍സനാണ് താരത്തെ പുറത്താക്കിയത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (11), കെ.എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.