ആശങ്കകൾക്ക് വിട: കോപ്പ അമേരിക്കയിൽ അർജന്റീന പങ്കെടുക്കും

messi

കോപ്പ അമേരിക്ക ടൂർണമെന്റിൽ തങ്ങൾ പങ്കെടുക്കുമെന്ന് വ്യക്തമാക്കി അർജന്റീന. ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്റിയതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾക്ക് വിരാമമിട്ടാണ് അറിയിപ്പ്.

ഈ തവണത്തെ ടൂർണമെന്റ് ആദ്യം അർജന്റീനയിലും കൊളംബിയയിലുമായി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അർജന്റീനയിലെ കോവിഡ് പ്രതിസന്ധിയും കൊളംബിയയിലെ ആഭ്യന്തര പ്രശ്നങ്ങളും കണക്കിലെടുത്താണ് ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്റിയത്.

ടൂർണമെന്റ് രാജ്യത്ത് വച്ച് നടത്തുന്നതിൽ ബ്രസീൽ ഫുട്ബാൾ ടീം അംഗങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു, ഇതിൽ കൂടുതൽ വ്യക്തത ജൂൺ എട്ടിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചരിത്രത്തിൽ ഉടനീളം ടീം പ്രകടിപ്പിച്ച സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പ്രതിഫലനം എന്നോണം ടീം 2021 കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ശക്തമായ ശ്രമങ്ങളുടെ ഫലമായി ഈ മോശം സമയത്തും ടീം ടൂർണമെന്റിൽ പങ്കെടുക്കാൻ ബ്രസീലിലേക്ക് പോകും. തെക്കനമേരിക്കയെ മുഴുവൻ ഒരുപോലെ ബാധിക്കുന്ന ഈ വിഷമഘട്ടം മറികടക്കാൻ ടീമിലെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

മുൻപ്, തന്റെ ഭാഗത്തെ മുഴുവൻ പേരും ടൂർണമെന്റ് രാജ്യത്ത് വച്ച് നടത്തുന്നതിനെതിരാണെന്ന് ബ്രസീൽ ടീം ക്യാപ്റ്റൻ കാസീമിറോ പറഞ്ഞിരുന്നു. രാജ്യത്തെ രൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടൂർണമെന്റ് നടത്തുന്നതിന് മുഴുവൻ ടീം അംഗങ്ങളും ടീം മാനേജർ ടിറ്റോയും എതിരാണെന്ന് കാസീമിറോ പറഞ്ഞിരുന്നു. 

ടൂർണമെന്റ് ബ്രസീലിൽ നടത്തുന്നതിലെ ഞങ്ങളുടെ നിലപാട് എല്ലാവര്ക്കും അറിയാവുന്നതാണ്. ജൂൺ 8 ന് പരാഗ്വാക്ക് എതിരെയുള്ള മത്സരം കഴിഞ്ഞ് തങ്ങളുടെ നിലപാട് വ്യക്തമാകുമെന്നും കാസീമിറോ പറഞ്ഞു.

ജൂൺ 13നാണ് ടൂർണമെന്റ് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ബ്രസീൽ വേനസുവേലയെ നേരിടും. അതിന് തൊട്ട് അടുത്ത് ദിവസം നടക്കുന്ന മത്സരത്തിൽ അർജന്റീന ചിലിയെ നേരിടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം റിയോ ഡി ജെനെറിയോയിലെ മാരകാനാ സ്റ്റേഡിയത്തിൽ ജൂലൈ 10 ന് നടക്കും.