ഐ.എസ്.എല്‍: ഗോവ-ബെംഗളൂരു മത്സരം സമനില

ഐ.എസ്.എല്‍: ഗോവ-ബെംഗളൂരു മത്സരം സമനില

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില നേടുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. മൂന്നു മിനിറ്റിനിടെയാണ് ഗോവ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയത് ഗോവയായിരുന്നു. പൊസിഷൻ ഫുട്ബോൾ കളിച്ച ഗോവയ്ക്ക് ബെംഗളൂരുവിൻ്റെ കൗണ്ടർ അറ്റാക്കുകൾ പലപ്പോഴും ഭീഷണിയായി. പന്തടക്കവും പാസിംഗ് കൃത്യതയും കൊണ്ട് ഗോവയാണ് മത്സരത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിച്ചത്. എന്നാൽ ബെംഗളൂരുവിൻ്റെ ഫിസിക്കൽ ഗെയിമിനു മുന്നിൽ പതറിയ ഗോവ 27ആം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങി. ഒരു ലോംഗ് ത്രോയുടെ അവസാനത്തിൽ ക്ലെയ്റ്റൺ സിൽവയാണ് ബെംഗളൂരുവിൻ്റെ അക്കൗണ്ട് തുറന്നത്. പ്രതിരോധത്തിൻ്റെ പിഴവിൽ നിന്ന് ബ്രസീലിയൻ മധ്യനിര താരം ഗോൾ കണ്ടെത്തുകയായിരുന്നു. ആദ്യ പകുതി ബെംഗളൂരു നേടിയ ഒരു ഗോളിൽ പിരിഞ്ഞു.

ആദ്യ പകുതിയില്‍ 70 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഗോവയ്ക്ക് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇതിനിടെ 44-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം സൂപ്പര്‍ താരം സുനില്‍ ഛേത്രി നഷ്ടപ്പെടുത്തി.

57-ാം മിനിറ്റില്‍ യുവാന്‍ അന്റോണിയോ ഗോണ്‍സാലസാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്. ദെഷോണ്‍ ബ്രൗണ്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് എറിക് പാര്‍ത്താലു ഹെഡ് ചെയ്ത് യുവാന് മറിച്ച് നല്‍കുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാന്‍ പന്ത് വലയിലെത്തിച്ചു. ബെംഗളൂരു 2-1ന് മുന്നില്‍.

65-ാം മിനിറ്റില്‍ റോഡ്രിഗസിന് പകരം ഐബാനെയും ജെയിംസ് ഡൊണാച്ചിക്ക് പകരം നൊഗ്വേരയേയും കളത്തിലിറക്കിയ ഫെറാന്‍ഡോയുടെ നീക്കം ഫലം കണ്ടു. പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിറ്റില്‍ (66) തന്നെ ഇഗോര്‍ അംഗുളോയിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. ബ്രാന്‍ഡന്റെ ത്രൂ ബോള്‍ സ്വീകരിച്ച നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

വൈകാതെ 69-ാം മിനിറ്റില്‍ അംഗുളോ തന്നെ രണ്ടാം ഗോളിലൂടെ ഗോവയെ ഒപ്പമെത്തിച്ചു. ഇതിനും തുടക്കമിട്ടത് ബ്രാന്‍ഡനാിരുന്നു. ബ്രാന്‍ഡന്റെ പാസ് സ്വീകരിച്ച റൊമാരിയോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് നെഞ്ച് കൊണ്ട് അംഗുളോ വലയിലെത്തിക്കുകയായിരുന്നു.

ഇരു ടീമുകളും മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നത് അവസാന സമയങ്ങളിൽ ആവേശമായി. ഓഫ്സൈഡുകളും കോർണറും ഫ്രീകിക്കും കണ്ട മത്സരത്തിലെ ഇഞ്ചുറി ടൈമിൽ ഗോവയ്ക്ക് ലീഡ് നേടാൻ അവസരം ലഭിച്ചു. ജോർഗോ മെൻഡോസയുടെ ഒരു കരുത്തുറ്റ ഷോട്ട് തട്ടിയകറ്റിയ സന്ധു ബെംഗളൂരുവിന് സമനില സമ്മാനിക്കുകയായിരുന്നു.