ഇരട്ടഗോള്‍ നേടി ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

football

ദോഹ: 2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിൽ തിളങ്ങി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോള്‍ നേടിയത്.

ആദ്യ പകുതിയിൽ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാൻ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിൽ സുനിൽ ഛേത്രി രക്ഷിക്കുകയായിരുന്നു. അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവെച്ചത്.  

വിജയം നേടാനാവാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചത്. വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതെത്തി. അവസാന മത്സരത്തിൽ അഫ്ഗാനിസ്താനാണ് എതിരാളികൾ. അതും വിജയിക്കാനായാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.

  
ഗ്രൂപ്പ് ഇയില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഇതുവരെ ആറ് പോയിന്റാണ് നേടിയത്.