അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും ധവാനും; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

india

കൊളംബോ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ നേടിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ വിജയം നേടി കൊടുത്തത്. 

95 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 86 റണ്‍സെടുത്ത ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും ധവാന്‍ പിന്നിട്ടു.

അരങ്ങേറ്റ മത്സരം കളിച്ച സൂര്യകുമാര്‍ യാദവ് 20 പന്തില്‍ നിന്ന് 31 റണ്‍സുമായി ധവാനൊപ്പം പുറത്താകാതെ നിന്നു. 

263 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ പൃഥ്വി ഷാ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 43 റണ്‍സെടുത്ത പൃഥ്വി ടീം സ്‌കോര്‍ 50 പിന്നിട്ട ശേഷമാണ് പുറത്തായത്. 

ലങ്കയ്ക്കായി ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.