ചരിത്ര നേട്ടം; 50 വര്‍ഷത്തിന് ശേഷം ഓവലില്‍ ഇന്ത്യക്ക് ടെസ്റ്റ്‌ വിജയം

India crush England by 157 runs

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 157 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. 

1971 -ലെ ചരിത്ര വിജയത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഓവലിൽ ഒരു ടെസ്റ്റ്‌ മത്സരം ജയിക്കുന്നത്. 

ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 191-10, ഇം​ഗ്ലണ്ട് 290-10, രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 466-10, ഇം​ഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്കോർ നില.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. 

ആദ്യ ഇന്നിങ്‌സില്‍ വെറും 190 റണ്‍സ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127), അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര(61), ഋഷഭ് പന്ത് (50) , ശാര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 

രണ്ട് ഇന്നിങ്‌സിലുമായി അര്‍ധസെഞ്ചുറി നേടുകയും നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി.


പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കും.