ഷമിക്ക് ഏഴ് വിക്കറ്റ്; കിവീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ

google news
dd
 chungath new advt

മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. 

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ന്യൂസിലാൻഡിന്റെ ശ്രമം 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് വരെയെത്തി. മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമിയാണ് കളിയിലെ താരം.

  
398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിന് 39 റണ്‍സിനിടെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് ഇരുവരെയും മടക്കിയത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ - ഡാരില്‍ മിച്ചല്‍ സഖ്യം കിവീസിന് പ്രതീക്ഷ നല്‍കി. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് മുന്നേറിയത്. എന്നാല്‍ ബുംറയുടെ പന്തില്‍ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറില്‍ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറില്‍ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചല്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വീണ്ടും വിറച്ചു. പക്ഷേ 43-ാം ഓവറില്‍ ഫിലിപ്‌സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ 41 റണ്‍സായിരുന്നു ഫിലിപ്‌സിന്റെ സമ്പാദ്യം. പിന്നാലെ മാര്‍ക്ക് ചാപ്മാനെ (2) മടക്കി കുല്‍ദീപും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. 46-ാം ഓവറില്‍ മിച്ചലും മടങ്ങിയതോടെ ഇന്ത്യയ്ക്ക് ആശ്വാസം.


നേരത്തെ വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ മികവ് ഇന്ത്യൻ സ്കോർ പടുത്തുയർത്തി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്.113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്താവുകയായിരുന്നു.

സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടിരുന്നു. 65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാൽ അവസാന ഓവറുകളിൽ തിരികെയെത്തിയ താരം ഒരു റൺസ് കൂടി എടുത്ത് അക്കൗണ്ടിൽ 80 റൺസ് ചേർത്തു. ഒരു റണ്‍ മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് ഒരു റണ്ണെടുത്ത് പുറത്തായി. 

കിവീസിനായി ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു