ചതുർരാഷ്ട്ര വനിതാ ഫുട്‌ബോൾ ടൂർണമെന്റിൽ ബ്രീസിലിനെതിരെ ഇന്ത്യക്ക് തോൽവി

x
 

റിയോ ഡി ജനീറോ: ചതുർരാഷ്ട്ര വനിതാ ഫുട്‌ബോൾ ടൂർണമെന്റിൽ ബ്രീസിലിനെതിരെ ഇന്ത്യക്ക് തോൽവി. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. ആദ്യ പകുതിയിൽ ബ്രസീസിൽ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ നാല് ഗോൾ കൂടി വിജയം പൂർത്തിയാക്കി. പ്യാരി ക്‌സാസ ഇന്ത്യയുടെ ആശ്വാസഗോൾ നേടി. കെരോളി ഫെറസ് ബ്രസീലിനായി രണ്ട് ഗോൾ നേടി. ദെബോറ ഒളിവേര, ജിയോവാന കോസ്റ്റ, അരിയഡിന ബോർജസ്, ഗെയ്‌സെ ഫെരൈറ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ഒളിവേര ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ ബ്രസീലിനെ ഞെട്ടിച്ച് പ്യാരി ഇന്ത്യയെ ഒപ്പമെത്തിച്ചു. എട്ടാം മിനിറ്റിലായിരുന്നു പ്യാരിയുടെ ഗോൾ. 15-ാം മിനിറ്റിൽ അഞ്ജുവിന്റെ ഗോൾശ്രമം ബ്രസീലിയൻ പ്രതിരോധം തടഞ്ഞു. 

26-ാം മിനിറ്റിൽ മനീഷയുടെ വലങ്കാലൻ ഷോട്ട് ബ്രസീലിയൻ ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാൽ 36-ാം മിനിറ്റിൽ കോസ്റ്റയിലൂടെ ബ്രസീൽ ഒരിക്കൽകൂടി മുന്നിലെത്തി. 42-ാ മിനിറ്റിൽ അഞ്ജുവിന്റെ വോളി പുറത്തേക്ക്. പിന്നീട്   ബ്രസീലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  

52-ാം മിനിറ്റിൽ ബോർജസ് ബ്രസീലിനായി ലീഡുയർത്തി. രണ്ട് മിനിറ്റുകൾക്ക് ശേഷം ഫെറസ് ഗോൾനില 4 ആക്കി ഉയർത്തി. 76-ാം മിനിറ്റിൽ ഫെരൈരയുടെ വക മറ്റൊരു ഗോൾ. 81-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ഫെറസ് പട്ടിക പൂർത്തിയാക്കി.

അടുത്തവർഷം നടക്കുന്ന എഎഫ്‌സി കപ്പിന് മുന്നോടിയായാണ് ഇന്ത്യ ബ്രസീലിലെത്തിയത്. ഇന്ത്യയേയും ബ്രസീലിനേയും കൂടാതെ രണ്ട് ടീമുകൾ കൂടി ടൂർണമെന്റിന്റെ ഭാഗമാണ്. ചിലി, വെനസ്വേല എന്നിവരാണ്  മറ്റുടീമുകൾ.