ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റുകള്‍ നഷ്ടം

India vs England 4th Test -Day 1
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 127 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (14) ഒടുവില്‍ പുറത്തായത്. ക്രെയ്ഗ് ഓവര്‍ടണാണ് രഹാനെയെ പുറത്താക്കിയത്. 

നിലവില്‍ ഋഷഭ് പന്തും ഷാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.

അര്‍ധ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ബൗളിങ്ങിനെ പ്രതിരോധിച്ച ക്യാപ്റ്റന്‍ വിരാട് കോലിയേയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 96 പന്തില്‍ നിന്ന് എട്ടു ഫോറുകളടക്കം 50 റണ്‍സെടുത്ത കോലിയെ ഒലി റോബിന്‍സനാണ് പുറത്താക്കിയത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (11), കെഎല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (നാല്), രവീന്ദ്ര ജഡേജ (10), അജിന്‍ക്യ രഹാനെ (14) എന്നിവര്‍ അധികം ക്രീസില്‍ നിന്നില്ല.

നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ താക്കൂറും ടീമിലിടം നേടി.  

ഇംഗ്ലണ്ട് ടീമില്‍ ജോസ് ബട്ട്ലര്‍ക്കും സാം കറനും പകരം ഒലി പോപ്പും ക്രിസ് വോക്സും ഇടം നേടി. 

പരമ്പരയില്‍ ഇരു ടീമും 1-1ന് സമനിലയിലാണ്. ആദ്യടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ അപ്രതീക്ഷിത വിജയംനേടി. കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും ഇന്ത്യ തോറ്റു.