പ്ലേഓഫ് സാധ്യത നിലനിർത്തി ഹൈദരാബാദ്

പ്ലേഓഫ് സാധ്യത നിലനിർത്തി ഹൈദരാബാദ്

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫില്‍ ആരൊക്കെയുണ്ടാവുമെന്നറിയാന്‍ ഇനി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടി വരും. മുംബൈ ഇന്ത്യന്‍സിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ ജയം മതിയായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് കനത്ത തോല്‍വിയേറ്റു വാങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അഞ്ചു വിക്കറ്റിന് ആര്‍സിബിയെ മുട്ടുകുത്തിച്ചത്.

ഇതോടെ ഡല്‍ഹി-ആര്‍സിബി അവസാന റൗണ്ട് മല്‍സരം നോക്കൗട്ടിനു തുല്യമായി മാറി. ആര്‍സിബിക്കെതിരേ നേടിയ വിജയത്തോടെ ഹൈദാരാബാദ് പ്ലേഓഫ് പ്രതീക്ഷ കാക്കുകയും ചെയ്തു. ജയം അവരെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കുയര്‍ത്തി.

121 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദ് 14.1 ഓവറില്‍ത്തന്നെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വൃധിമാന്‍ സാഹ (39), ജാസണ്‍ ഹോള്‍ഡര്‍ (26*), മനീഷ് പാണ്ഡെ (26) എന്നിവരാണ് ഹൈദരാബാദ് ബാറ്റിങില്‍ തിളങ്ങിയത്. ആര്‍സിബിക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയച്ച ആര്‍സിബിയെ ഹൈദരാബാദ് മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 120 റണ്‍സാണ് അവര്‍ക്കു നേടാനായത്. ആര്‍സിബി നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 30ന് മുകളില്‍ നേടിയത് ഒരാള്‍ മാത്രമാണ്. ഓപ്പണര്‍ ജോഷ് ഫിലിപ്പെയാണ് (32) ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 31 പന്തില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്.

എബി ഡിവില്ലിയേഴ്‌സ് (24), വാഷിങ്ടണ്‍ സുന്ദര്‍ (21), ഗുര്‍കീരത് സിങ് (15*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദേവ്ദത്ത് പടിക്കല്‍ (5), നായകന്‍ വിരാട് കോലി (7), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും ജാസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് ലഭിച്ച എസ്ആര്‍എച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ശിവം ദുബെ, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നിയും ഇസുരു ഉദാനയും ടീമിലെത്തി. മറുഭാഗത്ത് ഹൈദരാബാദ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ വിജയ് ശങ്കര്‍ കളിച്ചില്ല. പകരം അഭിഷേക് ശര്‍മ കളിച്ചു.