ഇന്ത്യക്കു രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ട: മഞ്ജരേക്കര്‍

ഇന്ത്യക്കു രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ട: മഞ്ജരേക്കര്‍

ടീം ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി (വ്യത്യസ്ത ഫോര്‍മാറ്റില്‍ രണ്ടു നായകര്‍) ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും രണ്ടു വ്യത്യസ്തരായ നായകന്‍മാരാണ് ഈ ടീമുകള്‍ക്കുള്ളത്.

ഇന്ത്യന്‍ ടീമിലും ഈ പരീക്ഷണം കൊണ്ടുവരണമെന്നുള്ള മുറവിളികള്‍ അടുത്തിടെ ശക്തമായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെയും ടെസ്റ്റില്‍ വിരാട് കോലിയെയും ക്യാപ്റ്റന്മാരാക്കണമെന്നായിരുന്നു പലരുടെയും നിര്‍ദേശം. എന്നാല്‍ ഇന്ത്യക്കു ഇതിന്റെ ആവശ്യമില്ലെന്നും കോലി തന്നെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തുടരട്ടെയെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെ തന്റെ ഫോളോവേഴ്‌സ് ചോദിച്ച ചില ചോദ്യങ്ങള്‍ക്കാണ് യൂട്യൂബ് ചാനലിലൂടെ മഞ്ജരേക്കര്‍ മറുപടി നല്‍കിയക്. ഇന്ത്യക്കു സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയാണോ ആവശ്യം എന്നായിരുന്നു ചോദ്യം.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കു സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആവശ്യമാണെന്നു തനിക്കു തോന്നുന്നില്ലെന്നായിരുന്നു മഞ്ജരേക്കറുടെ മറുപടി. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ചു നില്‍ക്കുന്ന ഒരു മികച്ച ക്യാപ്റ്റനുണ്ടെങ്കില്‍, ഇപ്പോഴും അദ്ദേഹം നല്ല രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെണ്ടില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നു മഞ്ജരേക്കര്‍ വിശദമാക്കി.

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ മികച്ച രീതിയിലാണ് കോലി നയിക്കുന്നത്. അതിനാല്‍ രണ്ടാമതൊരു ക്യാപ്റ്റനെ ഇന്ത്യ തേടേണ്ടതില്ല. എന്നാല്‍ ഭാവിയില്‍ ഒരു പക്ഷെ ഇന്ത്യക്കു സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കും. ഭാവിയില്‍ ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷില്ലെന്ന് ആര്‍ക്കറിയാം. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ കോലി തന്നെ മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ച്് നല്ലതെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ക്യാപ്റ്റന്‍മാരെ ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഭാഗ്യവാന്‍മാരാണെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കോലിയെയും നേരത്തേ എംഎസ് ധോണിയെയും പോലെയുള്ള പ്രതിഭാശാലികളായ ക്യാപ്റ്റന്‍മാരെ ഇന്ത്യക്കു ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു മികച്ചൊരു ടെസ്റ്റ് താരത്തെയും ടെസ്റ്റ് ക്യാപ്റ്റനെയും ലഭിക്കുകയും അയാള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അത്ര നല്ല പ്രകടനം നടത്തുന്നില്ലെന്ന സാഹചര്യം ഇന്ത്യക്കു വരികയാണെങ്കില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍മാരെ പരീക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. എന്നാല്‍ ഇപ്പോള്‍ കോലിയുള്ളതിനാല്‍ ഇന്ത്യക്കു ആശങ്കപ്പെടാനില്ല. മുന്‍ ക്യാപ്റ്റന്‍ ധോണിയും ഇതേ ശേഷിയുള്ള താരമായിരുന്നുവെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.