ഐപിഎൽ 2020: യുഎഇ വേദിയകുമെന്ന് സൂചന

ഐപിഎൽ 2020: യുഎഇ വേദിയകുമെന്ന് സൂചന

ദുബൈ: 2020 ഐ.പി.എൽ സീസൺ പൂർണമായും യു.എ.ഇയിൽ നടത്താൻ ബി.സി.സി.ഐയിൽ തീരുമാനമായതായി സൂചന. ട്വൻറി20 ലോകകപ്പ് മാറ്റുന്നത് സംബന്ധിച്ച് ഐ.സി.സി പ്രഖ്യാപനത്തിനു ശേഷം മാത്രം ഔദ്യോഗികമായി അറിയിക്കാമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിലപാട്.

വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം ഇതുസംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. വേദി കടൽകടക്കുമെന്ന് സൂചന ലഭിച്ചതോടെ ടീം ഫ്രാഞ്ചൈസികൾ യു.എ.ഇയിലേക്കുള്ള യാത്രക്കും താമസത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ ഉറപ്പിക്കാനും ശ്രമം ആരംഭിച്ചു. സെപ്റ്റംബർ 26 മുതൽ നവംബർ ഏഴ് വരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ടൂർണമ​െൻറ് പൂർത്തിയാക്കാനാണ് നീക്കം.

ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് ഐപിഎല്‍ മത്സരങ്ങൾ യുഎഇയില്‍ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. യുഎഇയിൽ ഇതിനു മുൻപും ഇന്ത്യയ്ക്കായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 ഐപിഎൽ സീസണിൽ 20 മത്സരങ്ങൾ നടന്നത് യുഎഇയിലാണ്. 2018 ഏഷ്യ കപ്പ് മത്സരങ്ങളും യുഎഇയിൽ നടത്തി.

യുഎഇയില്‍ മത്സരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ചില ടീ‌മുകളുടെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. താരങ്ങളെയും പരിശീലകരെയും മറ്റ് ഉദ്യോഗസ്ഥരെയും യുഎഇയില്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ചാർട്ടേഡ് വിമാനങ്ങൾ കണ്ടെത്തുന്നതിനാണു ടീമുകള്‍ മുഖ്യപ്രാധാന്യം നല്‍കുന്നത്.

എല്ലാ ടീമുകളുമില്ലെങ്കിലും മിക്ക ടീമുകളും വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയെങ്കിലും വിമാന സർവീസുകൾ തുടങ്ങുമോയെന്ന കാര്യം അറിയില്ല. ഓഗസ്റ്റ് അവസാനത്തോടെയോ, അല്ലെങ്കിൽ സെപ്റ്റംബർ ആദ്യ ആഴ്ചയോ തന്നെ യുഎഇയിൽ എത്താനാണു ടീമുകളുടെ നീക്കം. 35 മുതൽ 40 വരെ പേരാണ് ഓരോ ടീമുകളിൽനിന്നും യുഎഇയിലേക്കു തിരിക്കാനുള്ളത്. അങ്ങനെയെങ്കിൽ നിലവിലെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളാണു നല്ലത്. യുഎഇയിലേക്കു പോകുന്നതിനു മുൻപ് താരങ്ങളെ രണ്ടാഴ്ച ഐസലേഷനില്‍ പാർപ്പിക്കണമെന്നാണ് ടീമുകളുടെ നിലപാട്. താരങ്ങൾ കോവിഡ് പരിശോധനകൾക്കു വിധേയരാകേണ്ടിവരും. വിദേശ താരങ്ങൾ നേരിട്ട് യുഎഇയിലേക്ക് എത്തുന്നതാകും നല്ലതെന്നും ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു വാർത്താ ഏജൻസിയോടു പറഞ്ഞു.

നവംബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഉറപ്പായതാണ്. ഇക്കാര്യം ക്രിക്കറ്റ് ആസ്ട്രേലിയ നേരത്തെ വ്യക്തമാക്കുകയും ചെയ്തു.കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നടക്കേണ്ട െഎ.പി.എൽ സീസൺ മാറ്റിവെക്കുകയായിരുന്നു. രോഗ വ്യാപനം നിയന്ത്രിക്കാനാവാത്തതിനാൽ ഇന്ത്യയിൽ കളി നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വിദേശത്തേക്ക് മാറ്റാൻ ധാരണയായത്.

കളി യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറി​െൻറ അനുമതി തേടി കത്തയച്ചു. ദുബൈ, ഷാർജ, അബൂദബി വേദികളിലായാവും കളി നടക്കുക. ഒൗദ്യോഗിക പ്രഖ്യാപനം വന്നാൽ ടൂർണമ​െൻറ് തുടങ്ങുന്നതിനും ഒരു മാസം മുമ്പ് തന്നെ ടീമുകൾ യു.എ.ഇയിലേക്ക് താവളം മാറ്റും.