ഗ്രീനിന് സെഞ്ചുറി; സൺറൈസേഴ്‌സിനെ തകർത്ത് മുംബൈ പ്ലേ ഓഫിനരികെ; രാജസ്ഥാൻ പുറത്ത്

google news
ഗ്രീനിന് സെഞ്ചുറി; സൺറൈസേഴ്‌സിനെ തകർത്ത് മുംബൈ പ്ലേ ഓഫിനരികെ; രാജസ്ഥാൻ പുറത്ത്
 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് മുംബൈയ്ക്ക് മിന്നും ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ ജയം. മഴമൂലം വൈകുന്ന ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ ഫലമനുസരിച്ചായിരിക്കും മുംബൈയുടെ പ്ലേഓഫ് സാധ്യത.


കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ആക്കംകൂട്ടിയത്. 20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചത്. ഗ്രീനിനൊപ്പം രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.
 
മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.  

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ 20-ല്‍ നില്‍ക്കെ ഓപ്പണര്‍ ഇഷാന്‍ കിഷനെ മുംബൈയ്ക്ക് നഷ്ടമായി. താരത്തെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. മൂന്നാമനായി രോഹിത്തിന് കൂട്ടായി കാമറൂണ്‍ ഗ്രീനാണ് ക്രീസിലെത്തിയത്. ഇതോടെ കളിയാകെ മാറിമറിഞ്ഞു. ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഗ്രീന്‍ അടിച്ചുതകര്‍ത്തു.

രോഹിത്തും ട്രാക്കിലേക്ക് കയറിയതോടെ മുംബൈ വിജയപ്രതീക്ഷകള്‍ സജീവമാക്കി. വെറും 20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ രോഹിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഗ്രീനിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 31 പന്തില്‍ നിന്നാണ് മുംബൈ നായകന്‍ അര്‍ധശതകം കുറിച്ചത്.

എന്നാല്‍ 14-ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ മായങ്ക് ദാഗര്‍ പുറത്താക്കി. 56 റണ്‍സെടുത്ത രോഹിത്തിനെ അത്ഭുത ക്യാച്ചിലൂടെ നിതീഷ് കുമാര്‍ റെഡ്ഡി ഞെട്ടിച്ചു. ഗ്രീനിനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. ഫോറടിച്ചുകൊണ്ട് സൂര്യകുമാര്‍ ടീം സ്‌കോര്‍ 150 കടത്തി. ഗ്രീനും സൂര്യകുമാറും ചേര്‍ന്ന് അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഒടുവില്‍ 17-ാം ഓവറിലെ അവസാന പന്തില്‍ ഒരു റണ്ണെടുത്ത് ഗ്രീന്‍ തന്റെ സെഞ്ചുറിയും ടീമിന്റെ വിജയറണ്ണും കുറിച്ചു. ഗ്രീനിന്റെ ആദ്യ ട്വന്റി 20 സെഞ്ചുറിയാണിത്. 47 പന്തില്‍ നിന്ന് എട്ട് വീതം ഫോറിന്റെയും സിക്‌സിന്റെയും സഹായത്തോടെ 100 റണ്‍സെടുത്ത് ഗ്രീന്‍ പുറത്താവാതെ നിന്നു. സൂര്യകുമാര്‍ 16 പന്തില്‍ 25 റണ്‍സെടുത്ത് അപരാജിതനായി നിന്നു. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വര്‍ കുമാറും മായങ്ക് ദാഗറും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തിലാണ് 200 റണ്‍സ് നേടിയത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിവ്രാന്ദ്- മായങ്ക് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാ ഓവറില്‍ വിവ്രാന്ദിനെ പുറത്താക്കി ആകാശ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിവ്രാന്ദിന്റെ ഇന്നിംഗ്‌സ്. 
 മൂന്നാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മായങ്കും മടങ്ങി. നാല് സിക്‌സും എട്ട്  ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. ക്ലാസന്‍ (18), ഗ്ലെന്‍ ഫിലിപ്‌സ് (1), ഹാരി ബ്രൂക്ക് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (13), സന്‍വീര്‍ സിംഗ് (4) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. 

Tags