പതിവ് തെറ്റിക്കാതെ കളത്തിലിറങ്ങി 'ജാര്‍വോ 69'; ഇക്കുറി ബൗളറുടെ വേഷത്തില്‍; ഗുരുതര സുരക്ഷാ വീഴ്ച

Jarvo 69 Enters The Field And Bumps Into Jonny Bairstow
 

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയും ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി ഡാനിയല്‍ ജാര്‍വിസ് എന്ന ജാര്‍വോ‍. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് അനധികൃത്യമായി ഗ്രൗണ്ടില്‍ പ്രവേശിച്ച് വൈറലായ വ്യക്തിയാണ് ജാര്‍വോ. ലോര്‍ഡ്‌സില്‍ ഫീല്‍ഡിങ്ങിനിടെയും ലീഡ്സില്‍ ബാറ്റിംഗിനിടെയുമാണ് ജാര്‍വോ ഇന്ത്യയെ 'സഹായിക്കാന്‍' എത്തിയത്. 

ഇത്തവണ ഇന്ത്യയുടെ ബോളിങ്ങ് നടക്കുന്നതിനിടെയാണ് ജാര്‍വോ ഗ്രൗണ്ടില്‍ അതിക്രമിച്ച്‌ കയറി ബോള്‍ എറിഞ്ഞത്. പന്തുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൗള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. 

ലോർഡ്സിലും ലീഡ്സിലും സമാനമായ രീതിയിൽ ഇയാൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ലോര്‍ഡ്‌സില്‍ ഫീല്‍ഡറായി ജാര്‍വോ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ലീഡസ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ അതേ ജേഴ്‌സിയും ഹെല്‍മെറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ബാറ്റുമെടുത്ത് ക്രീസിലെത്തിയ ജാര്‍വോ ആരാധകരെ അമ്പരപ്പിച്ചിരുന്നു. തുടര്‍ന്ന് യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ജാര്‍വോയെ ഹെഡിംഗ്ലിയില്‍ മത്സരം കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തു.

'ഞാന്‍ കളത്തിലിറങ്ങിയാല്‍ ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കുമെന്ന് ഇംഗ്ലണ്ടിന് ഭയമാണ്. അതുകൊണ്ടാണ് അവര്‍ എന്നെ ഗ്രൗണ്ടില്‍നിന്ന് പുറത്താക്കുന്നത്', വിലക്ക് ലഭിച്ചതിന് ശേഷം ജാര്‍വോ പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക്ക്ട്രാക്കറിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിവ. 'ഞാന്‍ അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചതല്ല. ഞാന്‍ അവിടെ ഉണ്ടായിരിക്കേണ്ട ആളായിരുന്നു. രണ്ടു തവണയും ഗ്രൗണ്ടില്‍ പ്രവേശിച്ചത് മനപൂര്‍വവുമല്ല. ഞാന്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചപ്പോഴെല്ലാം ഇംഗ്ലണ്ട് ടീം ഭയന്നു. കാരണം ഞാന്‍ ഇന്ത്യയെ ജയിപ്പിക്കുമെന്ന് അവര്‍ക്ക് മനസ്സിലായി.' ജാര്‍വോ പറഞ്ഞു.

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുമ്പോള്‍ താരങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ സന്തോഷത്തോടെ തിരിച്ചും സംസാരിച്ചുവെന്നും ജാര്‍വോ പറഞ്ഞു. 'ഇംഗ്ലണ്ട് താരങ്ങള്‍ നമ്മെ തീര്‍ത്തും അവഗണിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അങ്ങനെ അല്ല. ഇതോടെയാണ് ഇന്ത്യന്‍ താരമായി തിരിച്ചെത്തണമെന്ന ആശയം എനിക്കു തോന്നിയത്. അങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ കിറ്റ് ഒപ്പിച്ച് ഞാന്‍ ഗ്രൗണ്ടിലെത്തിയത്.'- ജാര്‍വോ പറഞ്ഞു.