ടെസ്റ്റില്‍ വേഗതയേറിയ 100 വിക്കറ്റ് നേട്ടവുമായി ബുംറ; തകര്‍ത്തത് കപിലിന്‍റെ റെക്കോര്‍ഡ്‌

Jasprit Bumrah breaks legendary Kapil Dev's long-standing record with 100th Test wicket for India
 

ലണ്ടൻ: ടെസ്റ്റ്‌ ക്രിക്കറ്റില്‍ വേഗതയേറിയ 100 വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളറായി ജസ്പ്രീത് ബുംറ. 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ 100 വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിലാണ് ഈ നേട്ടം.

കപിൽ ദേവാണ് ഈ നേട്ടത്തിൽ ബുംറയുടെ തൊട്ടുപിറകിലുള്ളത്. 25 ടെസ്റ്റിലാണ് കപിൽ 100 വിക്കറ്റ് കയ്യിലാക്കിയത്. ഇർഫാൻ പത്താൻ(28), മുഹമ്മദ് ഷമി(29), ജവഗൽ ശ്രീനാഥ് (30) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവർ.

ഇന്ത്യൻ ബൗളർമാരിൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിലുള്ള 100 വിക്കറ്റ് നേട്ടം രവിചന്ദ്രൻ അശ്വിന്റെ പേരിലാണ്. 18 മത്സരങ്ങളിൽനിന്നാണ് അശ്വിൻ 100 വിക്കറ്റ് നേടിയത്. 

എരപ്പള്ളി പ്രസന്ന (20), അനിൽ കുംബ്ലെ (21), സുഭാഷ് ഗുപ്ത(22), ബി.സി ചന്ദ്രശേഖർ(22), പ്രഗ്യാൻ ഓജ(22) എന്നിവർ 100 വിക്കറ്റ് കണ്ടെത്തിയ സ്പിന്നർമാരുടെ ലിസ്റ്റിലുണ്ട്.