പകരം വീട്ടി ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു

 kerala lablasters fc beat hyderabad fc
 

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണില്‍ ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോള്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ മിനുറ്റുകളിൽ ഹൈദരാബാദിൻ്റെ ആധിപത്യമാണ് കണ്ടത്. തെല്ല് പതറിയെങ്കിലും വിട്ടുകൊടുക്കാൻ കൊമ്പന്മാർ തയ്യാറായിരുന്നില്ല. ഇതോടെ ഹൈദരാബാദ് ബോക്സിലേക്കും തുടർച്ചയായി പന്തുകൾ എത്തിത്തുടങ്ങി‌. 18–ാം മിനിറ്റിൽ ഹൈദരാബാദിനെ ഞെട്ടിച്ച് ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ മികച്ച നീക്കമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്.

അപ്രതീക്ഷിതമായി ആദ്യ ഗോൾ വീണതോടെ ഹൈദരാബാദ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരബാദ് ആഞ്ഞു ശ്രമിച്ചു, ലീഡ് നിലനിർത്താൻ കേരളവും. ഈ മത്സരത്തിലും രാഹുല്‍ കെപിയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും രണ്ടാം പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ പലതും ഹൈദരാബാദ് താരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു.  ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

വിജയത്തോടെ 7 കളികളിൽ 12 പോയിന്റായ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. അടുത്ത മാസം നാലിന് ജംഷദ്പൂർ എഫ് സിക്കെതിരെയാണ് ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.