ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര; പരിക്കേറ്റ കെ എൽ രാഹുൽ പുറത്ത്

KL Rahul Ruled Out of Kanpur Test Due to Injury
 

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പുരില്‍ തുടക്കം കുറിക്കാനിരിക്കെ ഓപ്പണര്‍ കെ എൽ രാഹുൽ പരുക്കേറ്റ് പുറത്തായി. പകരക്കാരനായി സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തി. ആദ്യമായാണ് സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കുന്നത്.

ഇന്ത്യയുടെ ടി20 ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും സൂര്യകുമാർ ഇന്ത്യയുടെ ഭാഗമായിരുന്നു. വ്യാഴാഴ്ച കാൺപൂരിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്.

രണ്ടു ടെസ്റ്റിലും രാഹുല്‍ കളിക്കില്ല. ഇടതു തുടയിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് വിനയായതെന്ന് ബിസിസിഐ ട്വീറ്റില്‍ പറയുന്നു. കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടും.

വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ,  ജസ്പ്രീത് ബുംറ എന്നിവര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഇവരോടൊപ്പം രാഹുല്‍ കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാകും.
 
കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. 

ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡും ജയം നേടി.