യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി- പി എസ് ജി സൂപ്പർ പോരാട്ടം

x
 

മാഞ്ചസ്റ്റർ: യുവേഫ ചാംപ്യൻസ് ലീഗിൽ (UEFA Champions League) ഇന്ന് മാഞ്ചസ്റ്റർ സിറ്റി- പി എസ് ജി സൂപ്പർ പോരാട്ടം. സെർജിയോ റാമോസിനെ (Sergio Ramos) പിഎസ്ജി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡ്, ലിവർപൂൾ, ഇന്റർ മിലാൻ തുടങ്ങിയ കരുത്തർക്കും മത്സരമുണ്ട്. പെപ് ഗാർഡിയോളയും ലിയോണൽ മെസിയും (Lionel Messi) വീണ്ടും മുഖാമുഖം വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പാരീസിൽ ഏറ്റുമുട്ടിയപ്പോൾ ജയം പിഎസ്ജിക്കൊപ്പമായിരുന്നു. 

സ്വന്തം കാണികൾക്ക് മുന്നിൽ പിഎസ്ജിയോട് പകരംവീട്ടാനിറങ്ങുന്‌പോൾ കൊവിഡ് ബാധിതനായ കെവിൻ ഡിബ്രൂയിൻ സിറ്റി നിരയിലുണ്ടാവില്ല. ഫോഡൻ, ജെസ്യൂസ്, മെഹറസ്, ഗുൺഡോഗൻ, റോഡ്രി എന്നിവരെ ആശ്രയിച്ചായിരിക്കും സിറ്റിയുടെ മറുപടി. ഒപ്പം, മെസ്സി, നെയ്മർ, എംബാപ്പേ മുന്നേറ്റനിരയെ പിടിച്ചുകെട്ടുകയും വേണം. പരിക്കിൽ നിന്ന് മുക്തനായ സെർജിയോ റാമോസ് പിഎസ്ജിക്കായി അരങ്ങേറ്റം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് എയിൽ ഒൻപത് പോയിന്റുള്ള സിറ്റി ഒന്നും എട്ട് പോയിന്റുള്ള പിഎസ്ജി രണ്ടും സ്ഥാനങ്ങളിൽ. 

അഞ്ചാം റൗണ്ടിൽ റയൽ മാഡ്രിഡിന് ഷെറിഫാണ് എതിരാളികൾ. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് അപ്രതീക്ഷിത തോൽവി നേരിട്ടതിന് മറുപടി നൽകാനാവും കാർലോ ആഞ്ചലോട്ടി റയലിനെ ഷെറിഫിന്റെ മൈതാനത്ത് അണിനിരത്തുക. തോൽവി അറിയാതെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച ലിവർപൂളിനെ തടയുക പോർട്ടോയ്ക്ക് എളുപ്പമാവില്ല. നാല് കളിയിൽ പതിമൂന്ന് ഗോൾനേടിയ ലിവർപൂൾ വഴങ്ങിയത് അഞ്ചുഗോൾ മാത്രം. സാദിയോ മാനേ, മുമ്മഹദ് സലാ, റോബർട്ടോ ഫിർമിനോ ത്രയത്തിന്റെ സ്‌കോറിംഗ് മികവിലാണ് ക്ലോപ്പും സംഘവും കുതിക്കുന്നത്. 

നാല് കളിയിൽ അഞ്ചുപോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രഡിന് ജീവൻമരണ പോരാട്ടമാണ്. ഒറ്റപോയിന്റുള്ള മുൻ ചാംപ്യൻമാരായ എസി മിലാനാണ് എതിരാളികൾ. സ്വന്തം മൈതാനത്ത് ജയത്തിൽ കുറഞ്ഞതൊന്നും ഡിഗോ സിമിയോണിയുടെ അത്‌ലറ്റിക്കോയെ രക്ഷിക്കില്ല. മറ്റ് മത്സരങ്ങലിൽ ഇന്റർ മിലാൻ, ഷക്താർ ഡോണിയസ്‌കിനെയും അയാക്‌സ്, ബെസിക്താസിനെയും ബൊറൂസ്യൂ ഡോർട്ട്മുണ്ട്, സ്‌പോർട്ടിംഗിനെയും ക്ലബ് ബ്രൂഗെ ആർബി ലൈപ്‌സിഷിനെയും നേരിടും