വനിതകളുടെ 60 കിലോഗ്രാം വുഷുവിലാണ് ഇന്ത്യയുടെ നവോറെം റോഷിബിന ദേവിയുടെ വെള്ളി മെഡൽ നേട്ടം.മണിപ്പൂരിലെ അക്രമത്തിന് ഇരയായവർക്ക് വേണ്ടിയുള്ള വിജയമാണ് ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടമെന്ന് നവോറെം റോഷിബിന ദേവി
മണിപ്പൂരിലെ കുക്കി ആധിപത്യ മേഖലയായ ചുരാചന്ദ്പൂരിനോട് ചേർന്നുള്ള ബിഷ്ണുപൂർ ജില്ലയിലെ ക്വാഷിപായി ഗ്രാമത്തിലെ മെയ്തി വംശജയാണ് റോഷിബിന.
“മണിപ്പൂർ ആളിക്കത്തുകയാണ്, കലാപം നടക്കുന്നുണ്ട്, എന്റെ ഗ്രാമത്തിലേക്ക് എനിക്കിപ്പോൾ പോകാൻ കഴിയില്ല, ഞങ്ങളെ സംരക്ഷിക്കുന്നവർക്കും അവിടെ ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി ഈ മെഡൽ ഞാൻ സമർപ്പിക്കിന്നു. ഭാവിയിൽ എന്ത് സംഭവിക്കുമെന്നെനിക്കറിയില്ല, കലാപം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇനി എപ്പോഴാണ് ഇതെല്ലം നിർത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുക”, മെഡൽനേട്ടത്തിനു ശേഷം വിതുമ്പിക്കൊണ്ട് റോഷിബിന പറഞ്ഞു.
ചൈനയുടെ വു സിയാവോവേയുമായുള്ള മത്സരത്തില്‍ 0 – 2 ന് പരാജയപ്പെട്ടാണ് റോഷിബിന വെള്ളി നേടിയത്. 2018 ല്‍ ജക്കാർത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.
22കാരിയെന്ന നിലയിൽ 2018 ഏഷ്യൻ ഗെയിംസിലെ വെങ്കല നേട്ടം വെള്ളിയിലേക്ക് ഉയർത്തിയ റോഷിബിന ദേവിയുടെ ശ്രമം മികച്ചതായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടിയ വിയറ്റ്‌നാമിന്റെ തി തു തുയ് എൻഗുയെനെ ബുധനാഴ്ച 2 – 0ന് പുറത്താക്കിയ റോഷിബിന വെള്ളി ഉറപ്പിച്ചിരുന്നു.
“നന്നായി തയ്യാറെടുത്തു, അതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കുവാനും, മെഡൽ നേടാനും സാധിച്ചു”. മണിപ്പൂർ വിഷയത്തിൽ മനസ്സുപതറാതെ ഫൈനൽ മത്സരത്തിൽ ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് മാതാപിതാക്കൾ ഉപദേശിച്ചതായും നാട്ടിലെ അക്രമങ്ങൾ ശ്രദ്ധ തിരിക്കാൻ കാരണമായതിനാൽ വീട്ടുകാരോട് പതിവായി സംസാരിക്കാറില്ലായിരുന്നെന്നും റോഷിബിന പറഞ്ഞു.
നിലവിലെ ചാമ്പ്യനായ വു സിയാവോയിക്കെതിരെ ശക്തമായ മത്സരമാണ് റോഷിബിന കാഴ്ചവെച്ചത്. 2010ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ സന്ധ്യറാണി ദേവിയുടെ നേട്ടത്തിനൊപ്പമെത്താനും റോഷിബിനക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
മണിപ്പൂരിൽ ഈ വർഷം മെയിൽ തുടങ്ങിയ സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. മണിപ്പൂരിലെ കുക്കി, മെയ്തി രണ്ട് സമുദായങ്ങൾ തമ്മിലുള്ള അധികാര തകർക്കത്തിൽ തുടങ്ങിയ സംഘർഷം കാരണം നിരവധിപേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്, ആയിരക്കണക്കിന് ആളുകള്‍ അവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തു. ഓരോ ദിവസം കഴിയും തോറും മണിപ്പൂരിലെ സംഘർഷപരിതമായ അവസ്ഥ കൂടിവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം