ലോകകപ്പ് ഫുട്ബോള്‍: സെനഗലിനെ രണ്ട് ഗോളിന് തകർത്ത് നെതര്‍ലന്‍ഡ്

netherlands vs senegal
 

ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഏകപക്ഷീയമായ രണ്ട് ഗോളിന് സെനഗലിനെ തകര്‍ത്തു. സാദിയോ മാനെയില്ലാതെ ഇറങ്ങിയ സെനഗലിന്‍റ െമുന്നേറ്റനിരക്ക് ഹോളണ്ടിന്‍റെ പ്രതിരോധനിരയെ തകര്‍ക്കാനായില്ല.

മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അവസനമാണ് രണ്ട് ഗോളും പിറന്നത്. മത്സരം അവസാനിക്കാൻ 6 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു നെതർലന്‍ഡ്സിന്‍റെ ആദ്യ ഗോൾ വന്നത്. 84ആം മിനുട്ടിൽ ഡിയോങ് നൽകിയ ക്രോസ് ഡിഫൻഡേഴ്സിന് ഇടയിലൂടെ കുതിച്ച കോഡി ഗാക്പോ ഹെഡ് ചെയ്ത് സെനഗലിന്‍റെ വലയിൽ എത്തിക്കുകയായിരുന്നു.


ആദ്യ ഗോള്‍ വീണതിന് ശേഷം സെനഗൽ എതിര്‍പോസ്റ്റില്‍ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തില്‍ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സെനഗലിന് സാധിച്ചില്ല. മുന്നേറ്റതാരം സാദിയോ മാനെയുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. മറുവശത്ത് ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ട് മാത്രമുതിര്‍ത്ത നെതര്‍ലന്‍ഡ്‌സ് അത് രണ്ടും ഗോളാക്കിമാറ്റി വിജയം നേടി. 


ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടില്‍ ക്ലാസൻ കൂടി ഗോൾ നേടിയതോടെ നെതര്‍ലന്‍ഡ്സ് ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയമുറപ്പിച്ചു. ആദ്യ ഗോൾ ശ്രമം മെൻഡി തടഞ്ഞെങ്കിലും റീബൗണ്ടിൽ കിട്ടിയ പന്ത് ക്ലാസൻ ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ വിജയത്തോടെ നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി.