ഇനി പാറ്റ്​ കമ്മിൻസ്​ ആസ്​ട്രേലിയൻ ടെസ്​റ്റ്​ ക്യാപ്​റ്റൻ; സ്റ്റീവ് സ്മിത്ത് ഉപനായകന്‍

pat cummins named australian test captain and steve smith vice captain

സിഡ്‌നി: പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിനെ നയിക്കും. ക്രിക്കറ്റ്​ ആസ്​ട്രേലിയയാണ്​ പുതിയ ക്യാപ്​റ്റനെ പ്രഖ്യാപിച്ചത്​. സ്റ്റീവ് സ്മിത്ത് ആണ് വൈസ് ക്യാപ്റ്റന്‍. 1956ന് ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമിന്‍സ്. അശ്ലീലചാറ്റിൽ കുടുങ്ങി ടിം പെയ്​ൻ രാജിവെച്ച്​ ഒഴിവിലേക്കാണ്​ പാറ്റ്​ കമ്മിൻസ്​ എത്തുന്നത്​. പെയ്​ൻ അനിശ്​ചതകാലത്തേക്ക്​ കളിക്കളത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന്​ അറിയിച്ചതിന്​ പിന്നാലെയാണ്​ പാറ്റ്​ കമ്മിൻസ്​ ക്യാപ്​റ്റനായി എത്തുന്നത്​.

ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കുക എന്ന വലിയ വെല്ലുവുളിയാണ് ആദ്യം തന്നെ കമിന്‍സിൻ്റെ  മുന്‍പിലേക്ക് വരുന്നത്. ഡിസംബര്‍ എട്ടിന് ആഷസ് പരമ്പര ആരംഭിക്കും. ടീം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെയാണ് കമിന്‍സ് ടീമിനെ നയിക്കാന്‍ എത്തുന്നത്. 1956ല്‍ റേ ലിന്‍ഡ്വാള്‍ ഒരു മത്സരത്തിലാണ് ഓസ്‌ട്രേലിയയെ നയിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ മോന്റി നോബ്ലേയും ജാക്ക് റൈഡറും 1900 നാളുകളില്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫാസ്റ്റ് ബൗളറായ പാറ്റ് കമിന്‍സും. ഓസ്‌ട്രേലിയയുടെ 47ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാണ് കമിന്‍സ്. 

12 മാസം മുന്‍പാണ് കമിന്‍സിനെ വൈസ് ക്യാപ്റ്റനാക്കിയത്. 2018ല്‍ പന്ത് ചുരണ്ടലില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിൻ്റെ ഔദ്യോഗിക സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നത്. ഇവിടെ കമിന്‍സിന് മത്സരങ്ങള്‍ നഷ്ടമായാല്‍ സ്മിത്ത് ആയിരിക്കും ക്യാപ്റ്റന്‍. 2011ലാണ് കമിന്‍സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 18 വയസായിരുന്നു അരങ്ങേറ്റം കുറിക്കുമ്പോള്‍ കമിന്‍സിൻ്റെ പ്രായം. എന്നാല്‍ തൻ്റെ രണ്ടാമത്തെ മത്സരം കളിക്കാന്‍ 2017 വരെ കമിന്‍സിന് കാത്തിരിക്കേണ്ടി വന്നു. പരിക്കായിരുന്നു ഇവിടെ പ്രധാന വില്ലന്‍. തിരിച്ചെത്തിയതിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ പ്രധാന താരമായി കമിന്‍സ് മാറി.