ബാംഗ്ലൂരിനെ 8 വിക്കറ്റിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്

ബാംഗ്ലൂരിനെ 8 വിക്കറ്റിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഷാര്‍ജ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 വിക്കറ്റിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

ക്യാപ്റ്റന്‍ രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെയും വെടിക്കെട്ട് പ്രകടനങ്ങളുടെ കരുത്തിലാണ് പഞ്ചാബ് ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

ടോസ് നേടിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റൺസാണെടുത്തത്. 39 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ച്ച മോറിസുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പതിയെ പഞ്ചാബ് ബൗളര്‍മാര്‍ കളിയിലേക്ക് തിരിച്ചെത്തി.

പഞ്ചാബിന് വേണ്ടി ഷമിയും എം.അശ്വിനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ്, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടിമികച്ച കൂട്ടുകെട്ടാണ് ആദ്യവിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയത്. ഇരുവരും അനായാസം ബാംഗ്ലൂര്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ചാഹല്‍ ബാംഗ്ലൂരിന് ആശ്വാസം സമ്മാനിച്ചു. 25 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത മായങ്കിനെയാണ് ചാഹല്‍ പുറത്താക്കിയത്. രാഹുലിനൊപ്പം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് താരം നേടിയത്. പിന്നാലെ ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. ഈ സീസണില്‍ ആദ്യമായാണ് ഗെയ്ല്‍ കളിക്കാനിറങ്ങിയത്. വളരെ സൂക്ഷിച്ച് ഗെയ്ല്‍ കളിച്ചപ്പോള്‍ വമ്പന്‍ അടികളുമായി രാഹുല്‍ സ്‌കോര്‍ ബോര്‍ഡ് 100 കടത്തി.

16-ാം ഓവറില്‍ ഗെയ്‌ലും രാഹുലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിറാജ് എറിഞ്ഞ ആ ഓവറില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. പിന്നാലെ ഗെയ്ല്‍ 36 പന്തുകളില്‍ നിന്നും അര്‍ധസഞ്ചുറി സ്വന്തമാക്കി. ഇതിനിടയില്‍ ഗെയ്ല്‍ ഐ.പി.എല്ലില്‍ 4500 റണ്‍സും പിന്നിട്ടു.

എന്നാൽ അവസാന ഓവറില്‍ ക്രിസ് ​ഗെയ്ല്‍ റണ്‍ ഔട്ട്‌ ആയി. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരൻ അവസാന പന്തിൽ സിക്സ് നേടി പഞ്ചാബിനെ വിജയത്തിലെത്തിച്ചു.