'ക്ലാസി' രാഹുൽ; ഓസ്ട്രലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

sd
 

മുംബൈ: ഓസ്ട്രലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഒരു ഘട്ടത്തില്‍ 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

മുന്‍ നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാനം വരെ ടീമിനെ ഒറ്റക്ക് തോളിലേറ്റിയ രാഹുല്‍ 95 പന്ത് നേരിട്ട് 75 റണ്‍സെടുത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജ (69 പന്തില്‍ 45) നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായമായി.  ജഡേജ അഞ്ച് ഫോര്‍ നേടി. ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്ന താരമാണ് രാഹുല്‍. അതിനിടെയാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം

താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 50 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുൻ നിര ബാറ്റർമാർ കൂടാരം കയറി. മൂന്ന് വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

 
നേരത്തേ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 35 ഓവറിൽ 188 റൺസെടുക്കുന്നതിനിടെ മുഴുവൻ ഓസീസ് ബാറ്റർമാരും കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റൺസെടുത്ത മിച്ചൽ മാർഷ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.