'എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി, ശസ്ത്രക്രിയ വിജയകരമായിരുന്നു'; ആദ്യ പ്രതികരണവുമായി ഋഷഭ് പന്ത്

Rishabh Pant
 

വാഹനാപകടത്തിന് ശേഷം ട്വിറ്ററിലൂടെ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികൾക്കും തയ്യാറാണെന്നും പന്ത് വ്യക്തമാക്കി. ബിസിസിഐക്കും സെക്രട്ടറി ജയ് ഷായ്ക്കും സർക്കാർ അധികാരികൾക്കും പന്ത് നന്ദി അറിയിക്കുകയും ചെയ്തു. 

''നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനായിരിക്കും. എന്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം ഞാന്‍ നിങ്ങളെ അറിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ ഞാന്‍ തയ്യാറാണ്.'' ഇത്രയുമാണ് പന്ത് കുറിച്ചിട്ടത്. കൂടാതെ ബിസിസിഐക്കും സെക്രട്ടറി ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

പിന്നാലെ മറ്റൊരു ട്വീറ്റും കൂടി പങ്കുവച്ചിരിക്കുകയാണ് പന്ത്. തന്നെ ആശുപത്രിയില്‍ എത്തിച്ചവരെ ഓര്‍ത്തെടുത്താണ് പന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിങ്ങനെ... ''എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാന്‍ എനിക്കിപ്പോള്‍ കഴിയില്ല. എന്നാല്‍ ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് എന്നെ സഹായിച്ചത്. ആശുപത്രിയില്‍ എത്തിക്കാനും അവരാണ് കൂടെയുണ്ടായിരുന്നത്. നന്ദി. ഞാന്‍ ജീവിതകാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.'' പന്ത് കുറിച്ചിട്ടു.

 
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് നിലവിൽ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആദ്യ ട്വീറ്റുമായി താരം രംഗത്തെത്തിയത്. ഡിസംബർ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.