അണുബാധയേല്‍ക്കാന്‍ സാധ്യത; ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി

അണുബാധയേല്‍ക്കാന്‍ സാധ്യത;  ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി
 

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 
 
പന്തിനെ കൂടുതൽ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കാണു മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണു നീക്കം. പ്രൈവറ്റ് സ്യൂട്ടിലേക്കു താരത്തെ മാറ്റാൻ നിർദേശിച്ചതായി ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ‌ ശ്യാം ശർമ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

‘‘അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഋഷഭ് പന്തിനെ കാണുന്നതിനായി ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണം. താരത്തെ കാണാൻ വിഐപികളെയൊന്നും അനുവദിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടർമാരുമായി ബിസിസിഐയുടെ ഡോക്ടർമാരും ചർച്ച നടത്തുന്നുണ്ട്. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണു പന്ത് പറഞ്ഞത്.’’– ശ്യാം ശർമ വ്യക്തമാക്കി.

ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്.  
 
അപകടത്തിൽ നെറ്റിയിലേറ്റ പരുക്കിന് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.